കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന പാത റെയില്‍വേയുടെ കേരളത്തോടുള്ള അവഗണനയുടെ മികച്ച തെളിവാണ്. 3810.69 കോടി ചെലവ് വരുന്ന ശബരിപാതയുടെ നേർപകുതി തങ്ങൾ വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു അനുകൂല നിലപാടും ഇതുവരെ കേന്ദ്രം കൈക്കൊണ്ടിട്ടില്ല.
1997- 98 വര്‍ഷത്തെ റെയില്‍വേ ബഡ്ജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ് അങ്കമാലി-ശബരി റെയില്‍ പദ്ധതി.കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ വഴിത്തിരിവാകുന്ന അങ്കമാലി-ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്ബത്തിക വികസനത്തിന് വേഗം വര്‍ദ്ധിപ്പിക്കുന്നതുമാണ് പദ്ധതി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍ ആവശ്യമാണ്. വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിനും പദ്ധതി ഏറെ ഗുണകരമാകും – മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ ബോര്‍ഡിന്റെ ആവശ്യമനുസരിച്ച് അങ്കമാലി-ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന് തീരുമാനിച്ച് 2021ല്‍ ഉത്തരവിറക്കി. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ചിരുന്നു. ദക്ഷിണ റെയില്‍വേ ആരാഞ്ഞിട്ടുള്ള അധിക വിവരങ്ങള്‍ ചേര്‍ത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കഴിഞ്ഞ ജൂണില്‍ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അങ്കമാലി-എരുമേലി 111കിലോമീറ്റര്‍ ശബരിപാതയില്‍ 104 കിലോ മീറ്റര്‍ പാതയാണ് ഇനി നിര്‍മ്മിക്കേണ്ടത്. പദ്ധതിയില്‍ റെയില്‍വേ ഇതുവരെ 264കോടി ചെലവിട്ട് അങ്കമാലി-കാലടി 7 കി.മീറ്റര്‍ റെയില്‍പാതയും പെരിയാറില്‍ മേല്‍പ്പാലവും നിര്‍മ്മിച്ചിട്ടുണ്ട്.ശബരി പാത വന്നാല്‍ ഇടുക്കി, പത്തനംതിട്ട പോലുള്ള മലയോര ജില്ലകളില്‍ ട്രെയിന്‍ യാത്രാസൗകര്യം വരും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ വികസിക്കും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഇത് ഗുണകരമാണ്. പുനലൂര്‍ വരെ നീട്ടിയാല്‍ തമിഴ്‌നാട്ടിലേക്ക് കണക്ടിവിറ്റി ലഭ്യമാവും. ഭാവിയില്‍ പുനലൂര്‍- തിരുവനന്തപുരം പാതയ്ക്കും സാധ്യതയുണ്ട്. ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബരി സ്‌പെഷലുകള്‍ ഓടിക്കാനും കഴിയും.