കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിക്കാത്തതില്‍ ഗതാഗതവകുപ്പിനെതിരെ എം മുകേഷ് എംഎല്‍എ. കൊല്ലം ഡിപ്പോയ്ക്ക് വാണിജ്യ സൗധമല്ല അടിയന്തരമായി വേണ്ടത് യാത്രക്കാര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണെന്നും എംഎല്‍എ വിമര്‍ശിച്ചു. വകുപ്പ് മന്ത്രിമാരോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ല. മാനേജ്മെന്റും വകുപ്പും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും എംഎല്‍എ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുകേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പറയാതെ വയ്യ…
കൊല്ലം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും..