കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.55-ഓടെയാണ് കെ. സുധാകരന്‍ കൊച്ചി ഇ.ഡി. ഓഫീസിലെത്തിയത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവര്‍ സുധാകരനൊപ്പമുണ്ടായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ. രാവിലെ 9.30 ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരന്‍ ഇ.ഡി.ക്ക് കത്ത് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോള്‍ സുധാകരന്‍ ഒന്‍പത് മണിക്കൂറാണ് ഇ.ഡി.ക്ക് മുന്നിലിരുന്നത്.
താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ല. ഇനി ഉണ്ടാകാനും സാധ്യതയില്ലെന്നം അദ്ദേഹം പറഞ്ഞു.
‘മൊയ്തീന്‍ അവിടെ ഇരുന്നോട്ടെ. അവര്‍ വരാന്‍ പറഞ്ഞിട്ട് വന്നതാണെന്ന് മൊയ്തീന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ. നമ്മള്‍ തമ്മില്‍ കാണില്ല, രണ്ടും രണ്ട് മുറിയിലാണ്, രണ്ടു കേസാണ്’, കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇ.ഡിക്ക് മുന്നില്‍ ഹാജരായത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കെ. സുധാകരന്‍ പ്രതികരിച്ചു.