1. മണർകാട് മർത്ത മറിയം കത്തീഡ്രൽ
എട്ടുനോയമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് കോട്ടയം ജില്ലയിലെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ. മാതാവിന്റെ പിറവിത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോയമ്പ് കാലത്ത് ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നത്. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് പള്ളിയിൽ മാതാവിന്റെ അരപ്പട്ടയുടെ ഒരു ചെറിയ കഷണം വിശുദ്ധ സൂനോറൂ സൂക്ഷിക്കുന്ന ഇടം കൂടിയാണ്.
ഏകദേശം 1000 വർഷത്തിലധികം പഴക്കം ഈ ദേവാലയത്തിനുണ്ട് എന്നാണ് വിശ്വാസം. ആദ്യം മുളയിൽ നിർമ്മിച്ച ഒന്നായിരുന്നു ഈ ദേവാലയം. പിന്നീട് പല കാലങ്ങളിൽ പലരായി ഇത് പുതുക്കിപ്പണിതു. ഇന്ന് കാണുന്ന രീതിയിൽ 1958 ലാണ് ഇത് നിർമ്മിച്ചത്.
2. കുറവിലങ്ങാട് മർത്ത മറിയം പള്ളി
കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പള്ളി. മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന ഇടത്തെ ഈ ദേവാലയത്തിൽ മാതാവ് കുറവിലങ്ങാട് മുത്തിയമ്മ എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായ ഈ ദേവാലയം എഡി 105 ലാണ് സ്ഥാപിക്കുന്നത്. മൂന്നു നോയമ്പ് ആണ് ഇവിടെ പ്രധാനമെങ്കിലും എട്ടു നോമ്പ് ആചരണവും കുറവിലങ്ങാട് പള്ളിയിൽ ഉണ്ട്.
3. സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി
മാതാവിനായി സമർപ്പിച്ചിരിക്കുന്ന, തൃശൂരിലെ കൊരട്ടി പള്ളി
കേരളത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഒക്ടോബർ മാസത്തിലാണ് ഇവിടുത്തെ പെരുന്നാളെങ്കിലും എട്ടുനോയമ്പും ഇവിടെ ആചരിച്ച് പോരുന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ ഓരോ വർഷവും ആരാധനയ്ക്കായി എത്തുന്നു. കൊരട്ടിമുത്തിയോടുള്ള നൊവേന നടക്കുന്ന ശനിയാഴ്ചകളാണ് ഇവിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന സമയം.
4. അക്കരപ്പള്ളി, കാഞ്ഞിരപ്പള്ളി
എട്ടുനോമ്പ് വലിയ രീതിയിൽ ആഘോഷിക്കുന്ന ദേവാലയമാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലെ സെന്റ് മേരീസ് ദേവാലയം എന്ന അക്കരപ്പള്ളി. മർത്ത് മറിയം മേജർ ആർക്കിയെപിസ്കോപ്പൽ പഴയപള്ളി അഥവാ അക്കരപ്പള്ളി എന്നും ഇതറിയപ്പെടുന്നു. മരിയൻ തീർത്ഥാടന കേന്ദ്രമായ ഇവിടെ എട്ടുനോയമ്പ് ആഘോഷപൂര്‍വം കൊണ്ടാടുന്ന ചരിത്രമാണുള്ളത്. 1449 സെപ്റ്റംബർ 8നാണ് ഇവിടെ ആദ്യമായി എട്ടുനോമ്പ് ആചരിച്ചത്. അക്കരെപ്പള്ളിയിലെ എട്ടുനോമ്പിലെ പൊതിച്ചോർ വിതരണവും നേർച്ചക്കഞ്ഞിയും വളരെ പ്രസിദ്ധമാണ്.