ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലൻസ് കേസുകളിൽ പുനഃപരിശോധന ഉണ്ടാകുമെന്ന് അറിയിച്ചതിന് പിന്നാലെ രണ്ട് കേസുകളിൽ കൂടി പുന:പരിശോധന പ്രഖ്യപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെ മന്ത്രി ഐ പെരിയ സ്വാമിയെ വെറുതെ വിട്ട ഉത്തരവും എഐഎഡിഎംകെയുടെ മുൻ മന്ത്രി ബി വളർമതിയെ വെറുതെ വിട്ട നടപടിയും പുന:പരിശോധക്കും. ഇതോടെ സമാനമായ ആറു കേസുകളിൽ കോടതി പുന:പരിശോധനയ്ക്ക് ഉത്തരവിട്ടു.
നേരത്തെ അനധികൃത സ്വത്തു സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിയായിരുന്നു മദ്രാസ് ഹൈക്കോടതി ആദ്യം പ്രഖ്യാപിച്ചത്. അന്ന് രൂക്ഷവിമർശനമാണ് തമിഴ്നാട് വിജിലൻസിന് നേരെ ഹൈക്കോടതി ഉയർത്തിയത്. വിജിലൻസിന് ഓന്തിന്റെ സ്വഭാവമാണെന്നായിരുന്നു കോടതി വിമര്ശിച്ചത്. ഭരണം മാറുന്നതിനനുസരിച്ച് വിജിലൻസിന്റെ നിറം മാറുന്നെന്നും നിർഭാഗ്യവശാൽ അന്ന് രൂപീകരിച്ച പ്രത്യേക കോടതി അതിന് ഒത്താശ ചെയുന്നെന്നും നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. പനീർസൽവത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ലെന്നും ഒപിഎസ് കേസ് തുടക്കം മാത്രമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു.
പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണെന്നും അന്ന് അതിന് അനുമതി നൽകിയ ചീഫ് ജസ്റ്റിസിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞിരിന്നു. ഒപിഎസിനും വിജിലൻസിനും കോടതി നോട്ടിസ് അയച്ചിരുന്നു. എംഎൽഎക്കും എംപിക്കും വേറെ നിയമം അനുവദിക്കില്ലെന്നും തൊലിപ്പുറത്തെ ചെറിയകുരു ആണോ അർബുദം ആണോ എന്ന് ഹൈക്കോടതി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു.