പാരീസ്: പൊതുവിദ്യാലയങ്ങളിൽ അബയ, ഖമീസ് (മുസ്ലീം സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ) – നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. ഫ്രഞ്ച് സർക്കാർ ഇസ്‌ലാമോഫോബിക് നയത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പഠിപ്പും അധ്യാപനവും മുടക്കി പ്രതിഷേധം ആരംഭിച്ചത്. സ്റ്റെയിൻസിലെ മൗറീസ് ഉട്രില്ലോ ഹൈസ്‌കൂളിലാണ് പ്രതിഷേധം നടന്നത്.
ഞങ്ങളുടെ വസ്ത്രം പൊലീസ് തീരുമാനിക്കേണ്ടതില്ല. അബായയോ ഖാമിയോ ധരിക്കുന്ന വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. മാസങ്ങളായി പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായി. അക്കാര്യത്തിൽ നടപടിയുണ്ടായില്ല. എന്നാൽ അബായ ധരിക്കുന്നത് വിലക്കാൻ സമയം കണ്ടെത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു. രക്ഷിതാക്കളും സമരത്തിൽ പങ്കെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷമുള്ള രാജ്യമാണ് ഫ്രാൻസ്. മത ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിരുന്നു.
തിങ്കളാഴ്ച അബായ ധരിച്ചെത്തിയ നിരവധി പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഫ്രാൻസിലെ സ്കൂളുകളിൽ മതചിഹ്നങ്ങൾ കർശനമായി നിരോധിച്ചിരുന്നു. കുരിശുകളോ ജൂതരുടെ ചിഹ്നങ്ങളോ ധരിക്കുന്നതും മുമ്പ് നിരോധിച്ചു. 2004-ൽ സ്കൂളുകളിൽ ശിരോവസ്ത്രം നിരോധിച്ചു. 2010-ൽ പൊതുസ്ഥലത്ത് മുഖം മൂടുന്നത് നിരോധിച്ചു. നിരോധനങ്ങൾ ഫ്രാൻസിൽ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇന്ത്യയിലും സമാനമായ സംഭവങ്ങളുണ്ടായി. കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് വലിയ വിവാദമുണ്ടായി. യൂണിഫോം കോഡ് പാലിക്കണമെന്നും ഹിജാബ് ധരിക്കരുതെന്നും ചില സ്കൂളുകള്‍ നിലപാട് സ്വീകരിച്ചതോടെ വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് സംഭവം സുപ്രീം കോടതിയില്‍ വരെയെത്തി. രാജ്യത്ത് വലിയ ചര്‍ച്ചയാണ് ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായത്. അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമായും പലരും നിരോധനത്തെ വിലയിരുത്തി.