റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി തായ്ലാൻഡിൽ നിന്നുള്ള സെർവിൻ അമേൻഗോൾ. സ്‌നാച്ച് മത്സരത്തിൽ 78 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഒന്നാംസ്ഥാനം നേടി സെർവിൻ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്.
മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ ഞായറാഴ്ച വൈകീട്ടാണ് ലോക വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. വ്യത്യസ്ത തൂക്കങ്ങൾക്കും വിഭാഗങ്ങൾക്കുമായുള്ള മത്സരങ്ങൾ തുടരുകയാണ്. സൗദി വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഈ മാസം 17 വരെ തുടരും.
മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ താരങ്ങൾ റിയാദിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബോസ്‌നിയ, കാനഡ, ചൈന, ഫിജി, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, ലെബനൻ, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, ഉക്രെയ്‌ൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി, തുവാലു എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 66 അത്‌ലറ്റുകൾ ചൊവ്വാഴ്ച റിയാദിലെത്തി.