തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറി. നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം, ഓഗസ്റ്റിലെ വരള്‍ച്ചയ്ക്ക് ശേഷം സെപ്തംബറില്‍ ഇതുവരെ നല്ല മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബറിലെ ആദ്യ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയേക്കാള്‍ 31 ശതമാനം കൂടുതലാണ്. 38.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 51 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്.
ഓഗസ്റ്റില്‍ ആകെ 60 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും സെപ്റ്റംബര്‍ നാലു വരെ ലഭിക്കേണ്ട മഴയില്‍ കൂടുതല്‍ ലഭിച്ചു.