മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകയായ പള്ളിപ്പറമ്പിലെ മാങ്കുത്ത് സുജിത(35)യുടെ കൊലപാതകക്കേസില്‍ അന്വേഷണത്തലവനെ മാറ്റി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം. സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. കരുവാരക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സി.കെ. അബ്ദുല്‍നാസറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
കൊലപാതകത്തിനുപിന്നില്‍ ഉന്നതരുള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുജിതയുടെ സഹോദരന്‍ സുജേഷ് എസ്.പി.ക്ക് നല്‍കിയ പരാതിയിലാണ് നടപടി. തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ തങ്ങളല്ല, പാര്‍ട്ടിയാണ് കൊന്നതെന്നു വിളിച്ചുപറഞ്ഞത് ചൂണ്ടിക്കാണിച്ച് സി.പി.എം. നേതൃത്വവും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കൊലപാതകത്തിന്റെ സൂത്രധാരനും ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുമായ മാതോത്ത് വിഷ്ണു തുടക്കംമുതലേ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്.
ഓഗസ്റ്റ് 11-ന് കാണാതായ സുജിതയുടെ മൃതദേഹം 21-ന് രാത്രിയാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സുജിതയെ കൊന്നശേഷം വിഷ്ണു വിറ്റ 53 ഗ്രാം സ്വര്‍ണം തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍ പറഞ്ഞു. പ്രതികളെ വൈദ്യപരിശോധന നടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ശേഷിക്കുകയാണ്. ആവശ്യമെങ്കില്‍ ജയിലില്‍ചെന്ന് ചോദ്യംചെയ്യുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.