KeralaNEWS

അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം; തൂക്കം 38 പവന്‍

തൃശൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരപ്പനു ധരിക്കാന്‍ പൊന്നിന്‍ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തന്‍. കോയമ്പത്തൂരില്‍ താമസിക്കുന്ന കൈനൂര്‍ വേണുഗോപാലിന്റെയും ദേവകിയുടെയും മകന്‍ കെ.വി. രാജേഷ് ആചാരിയാണ് (54) 38 പവന്‍ തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണക്കിരീടം നിര്‍മിച്ചത്.

തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമായ കെ.വി. രാജേഷ് 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണനിര്‍മാണരംഗത്തുണ്ട്. വന്‍കിട ജൂവലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപന ഉടമയാണ്. 14 വര്‍ഷംമുമ്പ് തുടങ്ങിയ ആഗ്രഹത്തിന്റെ ഭാഗമായാണ് കിരീടം സമര്‍പ്പിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.

Signature-ad

ആര്‍.എസ്. പുരത്തെ നിര്‍മാണശാലയില്‍ അഞ്ചുമാസംമുമ്പ് പണി ആരംഭിച്ചു. നേരത്തേ ഗുരുവായൂരില്‍ ചെന്ന് അളവെടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വര്‍ണംകൊണ്ട് മാത്രമാണ് കിരീടം നിര്‍മിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമിരോഹിണിദിവസമായ ബുധനാഴ്ച നിര്‍മാല്യം ചടങ്ങിനുശേഷം കിരീടം ചാര്‍ത്തും. കോയമ്പത്തൂര്‍ മലയാളി ഗോള്‍ഡ് സ്മിത്ത് അസോസിയേഷന്‍ രക്ഷാധികാരിയാണ് രാജേഷ്.

Back to top button
error: