കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂര്‍ മണ്ണക്കുന്നില് വീട്ടില്‍ നിന്നും കൈപ്പുഴ ഓണംതുരുത്ത് കുരിശുപള്ളി ഭാഗത്ത് കുളത്തില്‍ വീട്ടില്‍ താമസിക്കുന്ന തോമസുകുട്ടി (23), മുളക്കുളം പെരുവ മാവേലിത്തറയില്‍ വീട്ടില്‍ മാത്യൂസ് റോയ് (24),കോതനല്ലൂര്‍ ചാമക്കാല ഭാഗത്ത് വള്ളിക്കാഞ്ഞിരത്ത് വീട്ടില്‍ കട്ട എന്ന് വിളിക്കുന്ന ശ്രീജേഷ് (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളും ഇവരും തമ്മില്‍ വൈകിട്ട് നീണ്ടൂര്‍ പ്ലാസ ബാറില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതികള്‍ക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ ഗൂഢാലോചന നടത്തി ഒത്തുതീര്പ്പ്ചര്ച്ചയെന്ന വ്യാജേനെ അശ്വിനെയും, അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് അനന്തു സുരേന്ദ്രന്, അജിത്ത്, സുജിത്ത് ബാബു, ജോബിന് ജോണി, ശിവ സൈജു, ഐസക്ക് മാത്യു, രഞ്ജില്‍ കെആര്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിക്കായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് തോമസ് കുട്ടിയെ പിടികൂടുന്നത്.
മുഖ്യപ്രതിയായ ഇയാള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിനായി സഹായം ചെയ്തു കൊടുത്തതിനാണ് മാത്യൂസ് റോയിയെയും, ശ്രീജേഷിനെയും അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്എച്ച് പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്ഐ ഷാജഹാന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.