കണ്ണൂര്‍: എടക്കാട് വീട്ടമ്മയ്ക്കുനേരെ നടന്നത് ആസൂത്രിത വധശ്രമമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഒകെ സ്‌കൂളിനു സമീപത്തെ സാബിറ (45) യുടെ വീട്ടില്‍ പുലര്‍ച്ചെ ആറരയോടെ കതകില്‍ തട്ടിവിളിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശിയും കുടുംബസുഹൃത്തുമായ ഫയറൂസിന്റെ മുഖഭാവം അത്ര പന്തിയല്ലെന്നു കണ്ടു മുറിയിലേക്ക് ഓടിപ്പോയി കതകടയ്ക്കാന്‍ ശ്രമിച്ച സാബിറയെ ഇയാള്‍ പിന്തുടര്‍ന്ന് വയറിനും മറ്റിടങ്ങളിലും വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രാണരക്ഷാര്‍ഥം സാബിറ ഓടി വര്‍ക്ക് ഏരിയയില്‍നിന്ന് അടുക്കളമുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെയെുണ്ടായിരുന്ന തേങ്ങാ പൊതിക്കുന്ന പാരയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. സാബിറയുടെ മുറിയിലുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ടു മുകളിലത്തെ നിലയില്‍ കഴിയുകയായിരുന്ന മക്കള്‍ എത്തുമ്പോഴേയ്ക്കും ഫയറൂസ് ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.
കൂത്തുപറമ്പ് പോലീസ് ഇയാളുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. സാബിറയുടെ വയറ്റിലാണ് ആഴത്തിലുള്ള വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക തര്‍ക്കമാണോ അക്രമത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പുലര്‍കാലേ സാബിറയുടെ വീട്ടില്‍ കുടുംബസുഹൃത്ത് എത്തിയത് കൊല്ലാന്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്. ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പ്രതി കുടക് ഭാഗത്തേക്ക് കടന്നുകളയാതിരിക്കാനായി കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.