CrimeNEWS

അപർണ നായരുടെ ആത്മഹത്യ: കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല; ആരോപണങ്ങൾ തള്ളി ഭർത്താവ്

തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയെ തുടർന്ന് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

Signature-ad

നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് പെൺമക്കൾക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിൻറെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.

മാസങ്ങൾക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങൾ പറ‌ഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

 

Back to top button
error: