LIFEMovie

ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി സണ്ണി ഡിയോളി​ന്റെ ഗദര്‍ 2; ചിത്രം 630 കോടി വാരിയപ്പോൾ സണ്ണി ഡിയോളിന് ‌എത്ര കിട്ടി?

യൻറീസ് കിഡ്‍സിൻറെ നൊസ്റ്റാൾജിയ എന്നല്ലാതെ സമകാലിക ബോളിവുഡിൽ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുൽഖർ നായകനായ ചുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടൻ നേടിയ വളർച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങൾ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോൾ എന്ന പേര് വാർത്തകളിൽ ഇടംപിടിച്ചുമില്ല. എന്നാൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് കഥ മാറി! ഗദർ 2 എന്ന ചിത്രം പുറത്തെത്തിയത് മുതൽ ദേശീയ മാധ്യമങ്ങളുടെ എൻറർടെയ്ൻമെൻറ് കോളങ്ങളിൽ മറ്റേത് മുൻനിര താരത്തേക്കാൾ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിൻറെ പേരാണ്.

2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാംഭാ​ഗമായ ​ഗദർ 2 ഓ​ഗസ്റ്റ് 11 നാണ് തിയറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്ന നിലയിൽ ​​ഗദർ 2 ന് വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിൻറെ തന്നെ സങ്കൽപ്പങ്ങൾക്ക് അതീതമാണ്. റിലീസ് ചെയ്ത് 22 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 487.65 കോടി നേടിയതായാണ് നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് അറിയിച്ചത്. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ഇക്കാലയളവിൽ ചിത്രം നേടിയത് 631.80 കോടിയാണ്. 60 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് എന്നായിരുന്നു നേരത്തെ പുറത്തെത്തിയിരുന്ന റിപ്പോർട്ടുകൾ.

Signature-ad

ബജറ്റിൻറെ പത്തിരട്ടിയിലേറെ കളക്ഷൻ നേടി നിർമ്മാതാക്കൾക്ക് വൻ സാമ്പത്തികനേട്ടം നൽകിക്കൊടുത്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം എത്രയാണ്? ചിത്രത്തിലെ താര സിം​ഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സണ്ണി വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. മുൻനിര താരങ്ങളിൽ പലരും ഷുവർ ബെറ്റ് ചിത്രങ്ങൾക്ക് പ്രോഫിറ്റ് ഷെയറിം​ഗ് നിബന്ധന വെക്കുമ്പോൾ അതില്ലാതെ നേരിട്ട് പ്രതിഫലം കൈപ്പറ്റുകയായിരുന്നു അദ്ദേഹം. അതേസമയം ​ഗദർ 2 ൻറെ വൻ വിജയത്തെ തുടർന്ന് സണ്ണി ഡിയോൾ പ്രതിഫലം 50 കോടിയിലേക്ക് ഉയർത്തിയതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബോളിവുഡ് ഹം​ഗാമയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. എൻറെ മൂല്യം എനിക്കറിയാം. കരിയറിൻറെ ഏറ്റവും മോശം ഘട്ടത്തിൽ പോലും ശമ്പളത്തിൻറെ കാര്യത്തിൽ ഞാൻ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അടുത്ത ചിത്രത്തിൻറെ കരാർ ഒപ്പിടുമ്പോഴത്തെ കാര്യമല്ലേ ഞാൻ ഇനി വാങ്ങുന്ന പ്രതിഫലം?, സണ്ണി പ്രതികരിച്ചിരുന്നു

Back to top button
error: