പ്രഭാസ് നായകനാകുന്ന ‘സലാർ’ പ്രഖ്യാപനംതൊട്ടേ വാർത്തകളിൽ നിറഞ്ഞതാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാർ’ പ്രഭാസിന് നിർണായകമാണ്. ‘സലാർ’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ‘സലാറി’ന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന ‘സലാറെ’ ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്തംബർ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.
‘കെജിഎഫി’ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാർ’ നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
‘ആദിപുരുഷ്’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം. പ്രഭാസിന്റെ ‘ആദിപുരുഷ്’ സിനിമ 400 കോടിക്ക് മുകളിൽ നേടിയെങ്കിലും ബജറ്റ് വെച്ച് നോക്കുമ്പോൾ വിജയമായിരുന്നില്ല. ‘ആദിപുരുഷി’ൽ പ്രഭാസ് ‘രാഘവ’യാകുമ്പോൾ ‘ജാനകി’യെന്ന കഥാപാത്രമായി അഭിനയിക്കുന്നത് കൃതി സനോൺ ആണ്. കാർത്തിക് പളനി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. സെയ്ഫ് അലി ഖാനും സണ്ണി സിംഗും ‘ആദിപുരുഷി’ൽ വേഷമിടുന്നു.