TechTRENDING

രാജമൗലി ചിത്രത്തിന്റെ പകുതി ചെലവ് മാത്രം! ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്

ദില്ലി: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്. ബി​ഗ്ബജറ്റ് സിനിമയുടെ നിർമാണ ചെലവ് പോലും ഇത്രയും ബൃഹത്തായ ബഹിരാകാശ പദ്ധതിക്ക് ആയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശസ്ത സംവിധായകൻ രാജമൗലിയുടെ ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് 550 കോടി രൂപയായിരുന്നു ബജറ്റ്. എന്നാൽ, സൂര്യനെക്കുറിച്ച് പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിച്ച ആദിത്യ എൽ വണ്ണിന് വെറും 300 കോടി രൂപക്ക് താഴെയാണ് ചെലവ്. എന്നാൽ. ചെലവ് സംബന്ധിച്ച് ഐഎസ്ആർഒ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.

വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്നാണ് ആദിത്യ വിക്ഷേപിച്ചത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. വിക്ഷേപണത്തിന് ശേഷം, ലാഗ്രാഞ്ച് പോയിന്റ് 1 (എൽ 1) ൽ എത്താൻ 125 ദിവസമെടുക്കും. പേടകം ലഗ്രാഞ്ച് പോയിന്റിലായിരിക്കും. ​ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി.

Signature-ad

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന് 600 കോടി രൂപയാണ് ചെലവായത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് 2019-ൽ സർക്കാർ 378 കോടി രൂപ അനുവദിച്ചിരുന്നു. ഓ​ഗസ്റ്റ് 23നാണ് ഇന്ത്യയുടെ സോഫ്റ്റ് ലാൻഡിങ് പദ്ധതിയായ ചാന്ദ്രയാൻ മൂന്ന് പദ്ധതി വിജയകരമായി ലാൻഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണാർഥത്തിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.

Back to top button
error: