കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്സ്) കുടുങ്ങിയ സംഭവത്തില്‍ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തന്ന സത്യഗ്രഹ സമരം നിര്‍ത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇതുമായി ബന്ധപ്പെട്ട് ഹര്‍ഷിന സമരപ്പന്തലില്‍ വാര്‍ത്താ സമ്മേളനം നടത്തും. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപോരാട്ടം നടത്തുമെന്നും ഹര്‍ഷിന വ്യക്തമാക്കി. സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതി ചേര്‍ത്ത് പോലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണു പ്രത്യക്ഷ സമരത്തില്‍നിന്ന് പിന്മാറുന്ന കാര്യം ഹര്‍ഷിന പരിഗണിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹര്‍ഷിന മെഡിക്കല്‍ കോളജിനു മുന്പില് നടത്തുന്ന സത്യഗ്രഹം 103 ദിവസം പിന്നിടുമ്പോഴാണ്, പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള നീക്കം.
പ്രതിചേര്‍ത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ 2 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി.കെ.രമേശന് (42), കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം.രഹന (33), കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികള്‍.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്സ് കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണു പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസില്‍ നേരത്തെ എഫ്ഐആറില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന മാതൃശിശു സംരക്ഷണ കേന്ദ്രം മുന്‍ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് ചീഫുമാരായിരുന്ന 2 ഡോക്ടര്‍മാര്‍ എന്നിവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എസിപി കെ.സുദര്ശന് കോടതിക്കു റിപ്പോര്‍ട്ട് നല്കി.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 1ന് ആണ് ഹര്‍ഷിന സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 6 മാസത്തിനകമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ നെഗ്ലിജന്സുണ്ടെന്നു ശരിവച്ച ജില്ലാ മെഡിക്കല്‍ ബോര്‍ഡ് കത്രിക മെഡിക്കല്‍ കോളജില്‍നിന്നാണ് കുടുങ്ങിയതെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചില്ല.