തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം (ആകെ 60സെന്റിമീറ്റര്‍) ഉയര്‍ത്തിയത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലെ കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്ര മഴ. 225 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 80 മില്ലിമീറ്ററാണ് ജില്ലയിലെ ശരാശരി മഴ.
അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ഇടുക്കിയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
ഞായറാഴ്ച തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ കൂടുതല്‍ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.