കാസര്‍ഗോട്: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാറിടിച്ചത്.
ഒളയം പുഴയ്ക്ക് സമീപത്തുവെച്ച് പ്രദേശവാസിയായ നൗഷാദ് കാര്‍ ബോധപൂര്‍വം ഇടിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ ഓണാഘോഷപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനികള്‍ പുഴക്കരയില്‍ വിശ്രമിക്കുന്നതിനിടെയാണ് നൗഷാദ് കാറുമായെത്തിയത്. ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മടങ്ങുമ്പോഴാണ് കാര്‍ പിറകോട്ടെടുത്ത് ഇടിച്ച് പരിക്കേറ്റത്.
വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാര്‍ പിന്നീട് അമിതവേഗത്തില്‍ ഓടിച്ചുപോകുന്നതും ദൃശ്യത്തില്‍ കാണാം. അപകടത്തിനിടയാക്കിയ കാര്‍ കുമ്പള പോലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സി.സി. ടി.വി. ദൃശ്യം സഹിതം കുമ്പള പോലീസില്‍ പരാതി നല്‍കി. കാറിടിച്ചുവീണ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.
പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ വീടിനു സമീപത്തു തന്നെയാണ് നൗഷാദിന്റെ വീട്. വാഹനമിടിപ്പിക്കാന്‍ പ്രകോപനമെന്തെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ തിങ്കളാഴ്ചയാണ് ഇവര്‍ പരാതി നല്‍കിയത്. അപകടത്തിനിടയാക്കിയ കാര്‍ കുമ്പള പോലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.