KeralaNEWS

കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വ്വം; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പ്രസാദ്

കൊച്ചി: ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടന്‍ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വ്വമാണെന്നും ജയസൂര്യയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന്‍ ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമര്‍ശിച്ചു. മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.

Signature-ad

കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമര്‍ശനം. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്നായിരുന്നു കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചത്.

തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കര്‍ഷക പക്ഷത്താണ് താന്‍. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയില്‍ താന്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലായിരുന്നു താരത്തിന്റെ വിശദീകരണം.

 

Back to top button
error: