LIFELife Style

127 അംഗ കുടുംബത്തിനൊപ്പം മറിയാമ്മച്ചിയുടെ 116 ാം പിറന്നാളാഘോഷം!

മലപ്പുറം: 127 അംഗ കുടുംബത്തോടൊപ്പം 116-ാം പിറന്നാള്‍ ആഘോഷിച്ച് മുതുമുത്തശ്ശി! മലപ്പുറം മേലാറ്റൂരിലെ മറിയാമ്മയുടെ പിറന്നാളാണിപ്പോള്‍ നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരമക്കളും അവരുടെ കൊച്ചുമക്കളുമായി അഞ്ച് തലമുറ ഒരുമിച്ചാണ് ഓണാവധിക്ക് മേലാറ്റൂരിലെ പാപ്പാലില്‍ തറവാട്ടില്‍ മറിയാമ്മച്ചിയുടെ പിറന്നാളാഘോഷം ഒരുത്സവമാക്കി മാറ്റിയത്.

പുതിയ തലമുറയുടെ ട്രെന്റിനൊപ്പം തന്നെ ഫ്രീക്ക് ലുക്കില്‍ ചെറുപുഞ്ചിരിയുമായാണ് ആഘോഷത്തിന് മറിയാമ്മച്ചി വേദിയിലെത്തിയത്. പിറന്നാള്‍ ആശംസകളുമായി പിന്നാലെ കുടുംബാംഗങ്ങള്‍ മുഴുവനും എത്തി. കൂളിങ് ഗ്ലാസും വെച്ച് ഗമയില്‍ തന്നെയായിരുന്നു മുത്തശ്ശി. പ്രായം ചോദിക്കുന്നവരോട് ഞാനിപ്പോഴും ചെറുപ്പമല്ലേയെന്ന തിരിച്ചുള്ള ചോദ്യമാണ് മുത്തശ്ശിയുടെ മറുപടി. കൃത്യനിഷ്ടയോടെയുള്ള ജീവിതമാണ് മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് മക്കള്‍ പറയുന്നത്. വിശ്വാസ പ്രമാണ പ്രാര്‍ഥനകള്‍ വള്ളി പുള്ളി തെറ്റാതെ നടത്തും.

Signature-ad

തനിക്കിപ്പോള്‍ ചെറിയ ഓര്‍മക്കുറവുണ്ടെങ്കിലും തന്റെ അമ്മക്ക് ഇപ്പോഴും ഓര്‍മയ്ക്ക് ഒരു കുറവില്ലെന്നും മകന്‍ കുര്യാക്കോസ് പറയുന്നു. എന്നാല്‍, പ്രായം ഇത്രയായെങ്കിലും ഒരു തെരഞ്ഞെടുപ്പിലും മറിയാമ്മച്ചി വോട്ട് ചെയ്യാതിരിക്കില്ല. വോട്ടവകാശം പൗരന്റെ അവകാശമാണെന്നും അതു ചെയ്യണമെന്നും 116-ാം വയസിലും മറിയാമ്മച്ചി ഓര്‍മപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നു തുടങ്ങിയാല്‍ എന്നാണ് വോട്ടെന്നും ഇതിനു തന്നെകൊണ്ടുപോകുന്നതിന്റെ ആവശ്യകതയും മക്കളോട് വിവരിക്കും. വോട്ട് ചെയ്യാതിരിക്കാന്‍ അമ്മച്ചിക്ക് കഴിയില്ലെന്നും ചെറുമകന്‍ ജോസ് പാപ്പാലില്‍ പറഞ്ഞു.

1908ല്‍ എറണാകുളം മൂവാറ്റുപുഴയില്‍ ജനിച്ച മറിയാമ്മ വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മലബാറിലേക്ക് കുടിയേറുകയായിരുന്നു. പിന്നെ മേലാറ്റൂരായി നാട്. ആശുപത്രികളും ഡോക്ടര്‍മാരുമില്ലാത്ത കാലത്ത് നിരവധി ഗര്‍ഭിണികളെ ശുശ്രൂഷിച്ച വയറ്റാട്ടിയായിരുന്നു മറിയാമ്മ മുത്തശ്ശി. അന്ന് ശുശ്രൂഷിച്ചവരും മക്കളെപ്പോലെ കണ്ട് വളര്‍ത്തിയവരുമെല്ലാം പിറന്നാള്‍ ദിനത്തില്‍ സ്നേഹസമ്മാനവുമായെത്തി. അടുത്തിടെ വീഴ്ചയില്‍ പരിക്കേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതിനടക്കം ആരുടെയും സഹായം വേണ്ട മറിയാമ്മയ്ക്ക്. മക്കളും കൊച്ചുമക്കളുമടക്കം 127 പേരാണ് ഇന്ന് കുടുംബത്തിലുള്ളത്.

 

Back to top button
error: