Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തട്ടിപ്പിനൊപ്പം പാര്‍ട്ടി; പൊട്ടിത്തെറിക്ക് ഒടുവില്‍ രാജി; സി.സി. മുകുന്ദന്‍ തൃശൂര്‍ സിപിഐക്കു തലവേദനയാകും; പഴ്‌സണല്‍ അസിസ്റ്റന്റിനെ സംരക്ഷിക്കാന്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് ജില്ലാ ഘടകം; സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍: സിപിഐയുടെ മുതിര്‍ന്ന നേതാവും നാട്ടിക എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ഇന്നു പാര്‍ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.

പാര്‍ട്ടി നിയോഗിച്ച പഴ്‌സണല്‍ അസിസ്റ്റന്റ് തന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില്‍ എത്തിയത്. വി.എസ്. സുനില്‍ കുമാറിന്റെ പഴ്‌സണല്‍ അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്‍കിയത്. ഇയാള്‍ വ്യാജരേഖയില്‍ പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന്‍ നിയമസഭാ സെക്രട്ടറിക്കു പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്‍ദത്തിനിടയിലും മുകുന്ദന്‍ പഴ്‌സണല്‍ അസിസ്റ്റന്റിനെതിരേ മൊഴി നല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തുടര്‍ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു.

Signature-ad

കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്‍ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്‌സിക്യുട്ടീവില്‍നിന്ന് എംഎല്‍എയെ ഒഴിവാക്കി. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് തത്കാലം രമ്യതയിലെത്തിച്ചത്. ഇതിനിടയിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പൊട്ടിത്തെറി.

 

മുകുന്ദന്റെ പ്രകടനം മോശമാണെന്ന് കണ്ടിട്ടില്ല

തൃശൂര്‍: നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്റെ പ്രകടനം മോശമാണെന്നു കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍. ജില്ലാ കൗണ്‍സില്‍ അംഗത്തെയാണു നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. സി.സി. മുകുന്ദന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി ഘടകങ്ങള്‍ പരിശോധിക്കും. നാട്ടിക മണ്ഡലം സെക്രട്ടറിക്കു മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല. അന്തരീക്ഷത്തില്‍ ഉയരുന്ന കാര്യങ്ങളില്‍നിന്ന് നടപടിയെടുക്കില്ല. മോശം പ്രകടനമെന്നു ചൂണ്ടിക്കാട്ടി ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സംസ്ഥാന എക്‌സിക്യുട്ടീവാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സി.സി. മുകുന്ദനെ സ്വതന്ത്രനായി മത്സരിപ്പിക്കുമോ എന്ന് യുഡിഎഫ് ആണു പ്രഖ്യാപിക്കേണ്ടത്. ഗീതാ ഗോപിയുടെ പൊതുജീവിതം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമറിയാം. രണ്ടുവട്ടം എംഎല്‍എയും ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷയുമായി. അവര്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളില്ല. ജില്ലാ കൗണ്‍സില്‍ അംഗമായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നത് എങ്ങനെ പേമെന്റ് സീറ്റാകുമെന്നും ശിവാനന്ദന്‍ ചോദിച്ചു.

 

#KeralaPolitics, #CPI, #Thrissur, #CCMukundan, #Nattika, #MLASelection, #KeralaNews, #IndianPolitics, #PoliticalRebellion, #ElectionUpdates, #LDFKerala, #UDFKerala, #AntiCorruption, #KeralaState, #PoliticalNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: