പുതുപ്പള്ളി: തൃശൂർ ദേശമംഗലത്ത് നിന്നൊരു നാലംഗ കുടുംബം ചാണ്ടി ഉമ്മനായി വോട്ട് തേടി പുതുപ്പള്ളിയിലെത്തി. കിലോമീറ്ററുകൾ താണ്ടിയുള്ള ആ വരവിന് പിന്നിൽ ഒരു കടപ്പാടിന്റെ കഥയുണ്ട്. ‘വലിയ കഷ്ടപ്പാടിൽ നിന്നാണ് ഉമ്മൻചാണ്ടി സാർ ഞങ്ങളെ രക്ഷപ്പെടുത്തിയത്, അതിനോളം വരില്ല ഒന്നും’ എന്നാണ് ആ കുടുംബം പറയുന്നത്. ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന തങ്ങളുടെ ജീവിതത്തിൽ പ്രകാശമായെത്തി കിടപ്പാടം തിരിച്ചുനൽകിയത് ഉമ്മൻ ചാണ്ടിയാണെന്ന് സുഫൈലും സൽമയും, കടപ്പാട് തിരിച്ചുനൽകാനാണ് ചാണ്ടിക്ക് വേണ്ടി വോട്ട് തേടി നാലംഗ കുടുംബം എത്തിയത്.
സുഫൈലിന്റെയും ഭാര്യ സൽമയുടെയും കണ്ണുകളിൽ കാലങ്ങളായി വെളിച്ചമില്ല. എന്നാൽ ഇവരുടെ മനസിലെ വെളിച്ചത്തിനൊരു മുഖമുണ്ട്. കെടാവിളക്കായി, തെളിഞ്ഞുമിന്നുന്ന ഉമ്മൻ ചാണ്ടിയുടെ മുഖം. പാലക്കാട്ടെ ജനസമ്പർക്ക പരിപാടിയിലാണ് സുഫൈൽ ആദ്യമായി ഉമ്മൻ ചാണ്ടിയെ അറിഞ്ഞത്. വായ്പ മുടങ്ങി, വീട് കൈവിട്ട് പോകുമ്പോഴാണ് അതൊരു തണലായിരുന്നു എന്ന് കൂടി സുഫൈൽ തിരിച്ചറിഞ്ഞത്.
എല്ലാ വിഷയത്തിലും ഞങ്ങളെ സഹായിച്ചു. കൊറോണക്കാലത്ത് ബുദ്ധിമുട്ടറിഞ്ഞപ്പോൾ ആദ്യം ചോദിച്ചത് ഭക്ഷണത്തിന് എന്താണ് ചെയ്യുന്നത് എന്നായിരുന്നു. ആദ്യം അതിന് ഏർപ്പാടാക്കി. തുടർന്ന് ലോൺ അടച്ച് തീർക്കാൻ സഹായവും ചെയ്തു. ആ കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ചാണ്ടിക്ക് വോട്ട് പിടിക്കാനും സഹായം അഭ്യർത്ഥിക്കാനും വേണ്ടി വന്നതാണെന്ന് സുഹൈൽ പറഞ്ഞു. ഇത്രയും ദൂരം വരുന്നതിന്റെ കഷ്ടപ്പാട് ചോദിച്ചപ്പോൾ, ഇതൊരു കഷ്ടപ്പാടായി തോന്നിയില്ലെന്ന് മറുപടി പറഞ്ഞത്. അതിലും വലിയ കഷ്ടപ്പാടിൽ നിന്നാണ് ഞങ്ങളെ രക്ഷപ്പെടുത്തിയതെന്നും സഫിയ കൂട്ടിച്ചേർക്കുന്നു.
ഉമ്മൻ ചാണ്ടി പകർന്നുകൊടുത്ത ആ സ്നേഹം ചാണ്ടി ഉമ്മനിലേക്കും നീണ്ടു. അങ്ങനെ അത് പുതുപ്പള്ളിയിലെത്തണമെന്ന മോഹമായി. ആഗ്രഹത്തിന് കൂട്ടായി പഞ്ചായത്ത് അംഗം ഷാനവാസും കട്ടയ്ക്ക് നിന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ മകനായി സുഫൈലും കുടുംബവും പുതുപ്പള്ളിയിലെത്തി.വീടുകൾ കയറി. പകരം വയ്ക്കാനാകാത്ത സ്നേഹത്തിന് നന്ദിയല്ലാതെന്ത് പറയുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ മരിയയുടെ പ്രതികരണം.