KeralaNEWS

മണര്‍കാട് പള്ളിയില്‍ എട്ടുനോമ്ബു തിരുനാളിന് ഇന്നു തുടക്കം

കോട്ടയം:ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്ബ് തിരുനാളിന് ഇന്നു വൈകുന്നേരം തുടക്കമാകും.

വൈകുന്നേരത്തെ സന്ധ്യാപ്രാര്‍ഥനയോടെ നോമ്ബാചരണം ആരംഭിക്കും.നാളെ മുതല്‍ 14 വരെ ദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ വൈകുന്നേരം 6.30ന് ധ്യാനം. നാളെ കൊടിമരം ഉയര്‍ത്തുന്നതോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ എട്ടിന് ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും ആശീര്‍വാദത്തിനും ശേഷമുള്ള നേര്‍ച്ച വിളമ്ബോടെ സമാപിക്കും.

Signature-ad

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനോടകം തയാറാക്കി. ആറ്, ഏഴ്, എട്ട് തീയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കും. പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തെക്കുവശത്തും പടിഞ്ഞാറുവശങ്ങളിലുമുള്ള മൈതാനങ്ങളില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എട്ടുനോമ്ബ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ദീപാലങ്കാരങ്ങള്‍ നാളെ മുതല്‍ 14 വരെ ഉണ്ടായിരിക്കും. എട്ടുനോമ്ബിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും നാളെ മുതല്‍ ഏഴ് വരെ നേര്‍ച്ചക്കഞ്ഞി സൗജന്യമായി വടക്കുവശത്തെ പാരീഷ് ഹാളില്‍ നല്‍കുമെന്നും ട്രസ്റ്റിമാരായ ബിനു ടി. ജോയി, എം.ഐ. ജോസ്, ദീപു തോമസ് ജേക്കബ്, സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം എന്നിവര്‍ അറിയിച്ചു

Back to top button
error: