ബംഗളൂരു: കര്‍ണാടകയില്‍ ഒരു കോടിയിലേറെ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി പ്രതിമാസം 2000 രൂപ നല്‍കുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിക്ക് ഇന്ന് മൈസൂരില്‍ തുടക്കമാകും.
ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചൊവ്വാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. നടപ്പ് സാമ്ബത്തിക വര്‍ഷം ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്കായി 17,500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. പദ്ധതി തുടക്കം കുറിക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ നിധി’ പദ്ധതിയും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.