തിരുവനന്തപുരം: താന്‍ നേരിട്ടല്ലാതെ നടത്തുന്ന കടയ്ക്കു സമീപത്തെ കടയില്‍ ഓണം ഓഫര്‍ നല്‍കിയതിനു വീട്ടമ്മയ്ക്ക് ഇന്റലിജന്‍സ് എസ്‌ഐയുടെയും മകന്റെയും ക്രൂരമര്‍ദനം. ഇവരുടെ 17 വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും എസ്‌ഐ മര്‍ദിച്ചു. ആക്രമണം നടത്തിയ ഇന്റലിജന്‍സ് എസ്‌ഐ ഫിറോസ് ഖാനും മകന്‍ മുഹമ്മദ് ഫയാസിനുമെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു.
പോത്തന്‍കോട് ജംക്ഷനില്‍ ഐക്കണ്‍ എന്ന ഫുട്വെയര്‍ കട നടത്തുന്ന ഷിബിനയുടെ പരാതിയിലാണു കേസ്. ഷിബിന, ഭര്‍ത്താവ് മുഹമ്മദ് ഷാഫി, മകന്‍ എന്നിവരെ മര്‍ദിച്ചതായാണു പരാതി. ഷിബിനയെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായര്‍ വൈകിട്ടാണു സംഭവം. ഓണക്കാലം ഓഫര്‍ നല്‍കി ഷിബിന കച്ചവടം നടത്തിയതാണ് ഫിറോസ് ഖാനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. സമീപത്തായി ഫിറോസ് ഖാന്‍ നേരിട്ടല്ലാതെ നടത്തുന്ന മെട്രോ എന്ന ചെരിപ്പു കടയുമുണ്ട്. ഷിബിനയുടെ കടയില്‍ തിരക്കുകൂടിയതും പ്രകോപനം ഇരട്ടിയാകാന്‍ കാരണമായി. ഇതേ തുടര്‍ന്നാണ് ഫിറോസ് ഖാനും മകനും ഷിബിനയുടെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറിയത്. തന്റെ ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ട് തടയാനെത്തിയ ഷിബിനയുടെ അടിവയറ്റില്‍ ഫിറോസ് ഖാന്‍ തൊഴിച്ചു താഴെയിട്ടു. ഇതുകണ്ട് ഓടിയെത്തിയ മകനെയും ഇരുവരും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചെന്നും ഷിബിന പറഞ്ഞു. അതു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഇടതു കണ്ണിനു താഴെയും ഇടിച്ചു.
ബലപ്രയോഗവും നടത്തി. കട തുടങ്ങിയപ്പോള്‍ മുതല്‍ ഫിറോസ് ഖാന്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഷിബിന പറഞ്ഞു. സ്ത്രീയെ ആക്രമിച്ചതിനും കടയില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും നോട്ടീസ് നല്‍കിയ ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും പോത്തന്‍കോട് സിഐ പറഞ്ഞു.