IndiaNEWS

മധുരയിൽ ട്രെയിനിന് തീപിടിച്ച്‌ 9 പേര്‍  മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ

മധുര: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിന് തീപിടിച്ച്‌ 9 പേര്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് റെയില്‍വേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സിതാപൂര്‍ ജില്ലയിലെ ജി. സത്യപ്രകാശ് റസ്‌തോഗി (47), ആര്‍. നരേന്ദ്രകുമാര്‍ (61), എം. ഹാര്‍ദിക് സഹാനി (24), ജെ. ദീപക് (23), സി. ശുഭം കശ്യപ് (19) എന്നിവരാണ് പിടിയിലായത്.

റെയില്‍വേ നിയമത്തിലെ 164-ാം വകുപ്പ് ലംഘിച്ച്‌ തീപിടിക്കുന്ന വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോയി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Signature-ad

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (2) പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്കും ഐപിസി സെക്ഷൻ 285 പ്രകാരം തീയോ കത്തുന്ന വസ്തുക്കളോ അശ്രദ്ധമായി ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്.

തീപിടിത്തത്തിന് കാരണമാകുന്ന ഗ്യാസ് സിലിണ്ടര്‍, ക്രാക്കേഴ്സ്, ആസിഡ്, മണ്ണെണ്ണ, പെട്രോള്‍, തെര്‍മിക് വീല്‍ഡിങ്, സ്റ്റൗവ് എന്നിവ ട്രെയിൻ യാത്രക്കിടെ കൊണ്ടുപോകുന്നത് 1989ലെ റെയില്‍വേ നിയമപ്രകാരമുള്ള 67, 164, 165 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.

ഇവരെല്ലാം ടൂര്‍ ഓപ്പറേറ്റര്‍ സംഘത്തിലുള്ളവരായിരുന്നുവെന്ന് മധുര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. പൊന്നുസാമി പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളായ ഹരീഷ് കുമാര്‍ ബാഷിം, അങ്കുല്‍ കശ്യപ് എന്നിവര്‍ തീപിടിത്തത്തില്‍ മരണപ്പെട്ടിരുന്നു. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉള്‍പ്പെടെ ഇവര്‍ കരുതിയിരുന്നതായി ഡി.എസ്.പി പറഞ്ഞു.ഗ്യാസ് സ്റ്റൗ കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെ 5.15നാണ് മധുര റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചത്. യു.പിയിലെ ലഖ്നോയില്‍നിന്നുള്ള 65 ടൂറിസ്റ്റുകളാണ് കോച്ചിലുണ്ടായിരുന്നത്. പാര്‍ട്ടി കോച്ച്‌ ബുക്ക് ചെയ്ത് ആഗസ്റ്റ് 17നാണ് ലഖ്നോയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഞായറാഴ്ച ചെന്നൈയിലെത്തി അവിടെ നിന്ന് ലഖ്നോയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.തീപടരുന്നത് കണ്ട് യാത്രക്കാരില്‍ ഭൂരിഭാഗവും ബോഗിയില്‍ നിന്ന് ചാടിയിറങ്ങിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്.

Back to top button
error: