IndiaNEWS

ശോഭായാത്രയ്‌ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ ഹരിയാനയിൽ പൊലീസ് അറസ്റ്റ് ചെയ്തു

ഗുഡ്ഗാവ്: ഹരിയാനയിലെ നൂഹിലേക്ക് വിഎച്ച്പി ശോഭായാത്രയ്‌ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്യാസിയായ ജഗദ് ഗുരു പരമഹംസ് ആചാര്യയെയും അനുയായികളെയും ഘമോര്‍ജ് ടോള്‍ പ്ലാസയില്‍ ആണ് പോലീസ് തടഞ്ഞത്.
സരയൂ നദിയെ ജലവും അയോധ്യയിലെ മണ്ണും വഹിച്ചുകൊണ്ടായിരുന്നു പരമഹംസ് ആചാര്യയുടെ നല്‍ഹാര്‍ ശിവക്ഷേത്രത്തിലേക്കുള്ള യാത്ര. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അല്‍പനേരം ടോള്‍ പ്ലാസയില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്നാണ് നൂഹിലെ ഡപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖാഡ് ഗാഠ 15 സന്യാസിമാരെ നല്‍ഹാര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചത്.

ജലാഭിഷേക യാത്ര നടത്തി നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ സന്യാസിമാരിൽ ചിലർ ഫിറോസ് പൂര്‍ ജിര്‍കയിലെ ഝീര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു.വളരെ കുറച്ചുപേര്‍ മാത്രമാണ് യാത്രയില്‍ പങ്കെടുത്തത്.

ദല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിപ്രദേശം മുതല്‍ നൂഹ് വരെ ഏഴ് ബാരിക്കേഡുകളാണ് പൊലീസ് ഉയര്‍ത്തിയത്.മൂന്നാമത്തെ ചെക് പോസ്റ്റിനപ്പുറം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കടത്തിവിട്ടില്ല. ജൂലായ് 31ന് വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രയോടനുബന്ധിച്ച് വര്ഗ്ഗീയകലാപവും നടന്ന നൂഹ് പ്രദേശം ഇന്നലെ തീർത്തും വിജനമായിരുന്നു.ജനങ്ങള്‍ ആരും പുറത്തിറങ്ങിയില്ല.കടകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു.

Signature-ad

ആറ് പേരുടെ മരണത്തിനിടയാക്കിയ വർഗീയ കലാപത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക ഘോഷയാത്രയ്‌ക്ക് പകരം ആഗസ്ത് 28ന് ശോഭായാത്ര നടത്താനുള്ള സര്‍വ് ജാതിയ ഹിന്ദു മഹാപഞ്ചായത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു ഹരിയാനയിലെ നൂഹ് പ്രദേശം.

Back to top button
error: