തിരുവനന്തപുരം: ഇത്തവണ കേരളത്തിലെ ജയിലുകളിൽ ഒരുക്കുന്നത് കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ.
സാധാരണ മെനുവിൽ അന്തേവാസികൾക്ക് ചിക്കൻ കറി ഇല്ലാത്തതാണ്.എന്നാൽ വറുത്തരച്ച കോഴിക്കറിയടക്കം ഇത്തവണത്തെ തിരുവോണസദ്യയിൽ ഉണ്ടാകും. 56 ജയിലുകളിലായി 9500-ലധികം അന്തേവാസികളാണ് സംസ്ഥാനത്തുള്ളത്.
ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ 1050-ലധികം അന്തേവാസികൾക്കായി നെയ്ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവുമാണ് ഒരുക്കുന്നത്. വെജിറ്റേറിയനുകർക്കായി കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്.
കണ്ണൂർ വനിതാ ജയിലിൽ സദ്യയാണ് ഒരുക്കുന്നത്. 150-ഓളം വരുന്ന അന്തേവാസികൾക്ക് സദ്യയ്ക്കൊപ്പം കോഴിക്കറിയും ഒരുക്കുന്നുണ്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റും സ്പെഷ്യലാണ്. മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകീട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകും.
വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം എന്നിങ്ങനെ 10 വിശേഷ ദിവസങ്ങളിലാണ് ജയിൽ അന്തേവാസികൾക്ക് സദ്യ ഒരുക്കുന്നത്