നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ. ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാർഗങ്ങളൊന്നുമില്ല- നമുക്ക് മുമ്പിൽ എന്നുതന്നെ പറയാം. ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലർക്കിത് നിസാരമായാണ് വരികയെങ്കിൽ മറ്റ് ചിലർക്ക് തീവ്രത ഏറിയും വരാം. അതുപോലെ തല മുഴുവനായി അനുഭവപ്പെടുന്ന വേദനയും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. ടെൻഷൻ തലവേദനയാണെങ്കിൽ അതിൽനിന്ന് ആശ്വാസം കണ്ടെത്താൻ നമുക്ക് ചിലത് ചെയ്യാനാകും. അത്തരത്തിൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
‘റിലാക്സേഷൻ ടെക്നിക്ക്’ എന്നറിയപ്പെടുന്ന ചില ടെക്നിക്കുകളുണ്ട്. ഡീപ് ബ്രീത്തിംഗ് (ദീർഘശ്വാസമെടുക്കുക), പേശികളെ ‘റിലാക്സ്’ ചെയ്യിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിലുൾപ്പെടും. ഇത്തരത്തിലുള്ള ‘റിലാക്സേഷൻ ടെക്നിക്കുകൾ’ നേരത്തേ മനസിലാക്കി വച്ചുകഴിഞ്ഞാൽ ടെൻഷൻ തലവേദനയുണ്ടാകുമ്പോൾ ഇവ പരീക്ഷിച്ചുനോക്കാവുന്നതാണ്.
രണ്ട്…
തലവേദനയ്ക്ക് ആക്കം കിട്ടുന്നതിനായി ,ഹോട്ട്’, അല്ലെങ്കിൽ ‘കോൾഡ്’ പാക്കുകൾ വയ്ക്കാവുന്നതാണ്. ഇത് വേദനയ്ക്ക് ആശ്വാസം നൽകും. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും ആവാം.
മൂന്ന്…
നമ്മൾ നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിൻറെ ഘടന കൃത്യമായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിലും തലവേദന രൂക്ഷാമാകാം. അതിനാൽ ശരീരത്തിൻറെ ഘടന എളുപ്പത്തിൽ തന്നെ കൃത്യമാക്കുക. കഴുത്തിലോ തോളുകളിലോ ഉള്ള പേശികൾ വലിഞ്ഞുമുറുകുന്നത് തലവേദനയ്ക്ക് ഇടയാക്കാറുണ്ട്. ഈ ഭാഗങ്ങളിലെ പേശികൾ മസാജിലൂടെ റിലാക്സ് ചെയ്യിച്ചെടുക്കുന്നത് നല്ലതാണ്.
നാല്…
പതിവായി വ്യായാമം ചെയ്യുന്നതും തലവേദന ഒഴിവാക്കും. പതിവായ വ്യായാമം പൊതുവിൽ ടെൻഷൻ, സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി) പോലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ സഹായിക്കാറുണ്ട്. ഇതുതന്നെയാണ് തലവേദന ഒഴിവാക്കാനും സഹായിക്കുന്നത്. ശരീരത്തിലുള്ള ‘നാച്വറൽ’ ആയ ‘പെയിൻകില്ലർ’ എന്നറിയപ്പെടുന്ന ‘എൻഡോർഫിൻ’ ഹോർമോണുകളുടെ ഉത്പാദനം വ്യായാമം കൂട്ടും. ഇതാണ് ടെൻഷൻ കുറയ്ക്കാനും തലവേദനയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനുമെല്ലാം സഹായിക്കുന്നത്.
അഞ്ച്…
ടെൻഷൻ തലവേദന ഒഴിവാക്കാൻ നാം പ്രധാനമായും ഊന്നൽ നൽകേണ്ടത് ടെൻഷൻ അഥവാ സ്ട്രെസ് അകറ്റുന്നതിന് തന്നെയാണ്. സ്ട്രെസ് അകറ്റുന്നതിന് പല കാര്യങ്ങളും നിത്യജീവിതത്തിൽ നമുക്ക് ചെയ്യാം. ഒന്നാമതായി സ്ട്രെസ് വരുന്ന സ്രോതസ് നോക്കി, ഇതിനെ പരിഹരിക്കാൻ ശ്രമിക്കൽ- അല്ലെങ്കിൽ അവഗണിക്കൽ. ഇനി, നല്ല ആരോഗ്യകരമായ ഭക്ഷണരീതി- അതും സമയത്തിനുള്ള കഴിക്കൽ, രാത്രിയിൽ സുഖകരമായ ഉറക്കം, പകൽനേരത്തെ വ്യായാമം, വിനോദത്തിനായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യൽ, സുഹൃത്തുക്കളോടോ മറ്റോ സമയം ചെലവിടൽ എന്നിങ്ങനെ പലതും സ്ട്രെസ് അകറ്റാൻ വേണ്ടി ചെയ്യാവുന്നതാണ്.
ആറ്…
ഉറക്കം കൃത്യമല്ലെങ്കിലും അത് സ്ട്രെസോ ടെൻഷനോ ഉത്കണ്ഠയോ ഉണ്ടാക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ രാത്രിയിൽ ഉറക്കം ഉറപ്പിക്കണം. പകൽ അധികസമയം കിടന്നുറങ്ങുകയും അരുത്.