IndiaNEWS

വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു; അടിയന്തരമായി ലാന്‍ഡിങ്ങിന് മുന്നേ ഓടിയെത്തിയത് അഞ്ച് ഡോക്ടര്‍മാർ

ദില്ലി: വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചുപോയ നിമിഷം. വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി ലാൻഡ് ചെയ്യാനുള്ള തീരുമാനം ഉടനുണ്ടായി. പക്ഷെ അതിനുമുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ. അത്രയും ഗുരുതരമാണ് സാഹചര്യമെന്ന് വിമാന ജീവനക്കാർ തിരിച്ചറിഞ്ഞു. അടിയന്തര സഹായ അഭ്യർഥന കേട്ട് ഒന്നല്ല, അഞ്ച് ഡോക്ടർമാരാണ് ഓടിവന്നത്. അവരുടെ സമയോചിത ഇടപെടൽ കുഞ്ഞിൻറെ ജീവൻ രക്ഷിച്ചു.

ബെംഗളുരു-ഡൽഹി വിസ്താര വിമാനത്തിൽ (യുകെ-814-എ) ഞായറാഴ്ചയാണ് സംഭവം. രണ്ട് വയസ്സുള്ള കുഞ്ഞിന് അടിയന്തര വൈദ്യസഹായം വേണമെന്ന സന്ദേശം വിമാനത്തിലുണ്ടായി. ആ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) അഞ്ച് ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു. ഹൃദ്രോഗത്തിന് ശസ്ത്രക്രിയ ചെയ്ത കുഞ്ഞായിരുന്നു. വിമാനയാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിൻറെ ശരീരം മരവിച്ച് നാഡിമിടിപ്പ് നിലച്ച അവസ്ഥയിലാണെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി.

Signature-ad

വിമാനത്തിനുള്ളിൽ വെച്ചുതന്നെ കുഞ്ഞിന് പരിമിതമായ സാഹചര്യത്തിൽ സിപിആർ (കൃത്രിമ ശ്വാസോച്ഛ്വാസം) നൽകി. കുഞ്ഞിൻറെ രക്തചംക്രമണം പഴയതുപോലെ ആയി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായത് ആരോഗ്യനില സങ്കീർണമാക്കി. എഇഡിയുടെ (ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ) സഹായത്തോടെ കുഞ്ഞിൻറെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ ശ്രമിച്ചു. ഇതെല്ലാം സംഭവിക്കുന്നതിനിടെ വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ ശിശുരോഗ വിദഗ്ധൻറെ സഹായം തേടി കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി.

നവ്ദീപ് കൗർ (അനസ്തേഷ്യ),ദമൻദീപ് സിങ് (കാർഡിയാക് റേഡിയോളജി), ഋഷഭ് ജെയിൻ (റേഡിയോളജി), ഒഷിക (ഗൈനക്കോളജി), അവിചല തക്സക് (കാർഡിയാക് റേഡിയോളജി) എന്നിവരാണ് വിമാനത്തിൽ കുഞ്ഞിൻറെ ജീവൻ പിടിച്ചുനിർത്തിയ ഡോക്ടർമാർ. സംഭവത്തിൻറെ വിശദാംശങ്ങൾ ഡൽഹി എയിംസ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചു.

Back to top button
error: