ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രധാന ചര്‍ച്ച ബാറ്റിംഗില്‍ നാലാം നമ്പറിലാര് എന്നതാണ്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ ശേഷം ഇന്ത്യയുടെ നാലാം നമ്പര്‍ പരീക്ഷണങ്ങള്‍ പാളിയിരുന്നു. ഇതോടെ ഏഷ്യാ കപ്പില്‍ നാലാമത് ആര് ബാറ്റിംഗിന് ഇറങ്ങും എന്ന ചര്‍ച്ച സജീവമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇപ്പോള്‍ വന്നിരിക്കുന്നു.
ഏഷ്യാ കപ്പിന് ഒരുക്കമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബെംഗളൂരുവിന് അടുത്തുള്ള ആലൂരിലാണ് ഇപ്പോഴുള്ളത്. ആറ് ദിവസം നീണ്ട ടീം ക്യാംപില്‍ വച്ച് ഇലവന്‍ കേംപിനേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മാനേജ്‌മെന്‍റ്. നാലാം നമ്പറില്‍ വിരാട് കോലിയെ ഇറക്കാമെന്ന നിര്‍ദേശം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സില്‍ നിന്നും ഇതിനകം വന്നുകഴിഞ്ഞു. എന്നാല്‍ ഈ പരീക്ഷണത്തിന് ടീം ഇന്ത്യ തയ്യാറാല്ല എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആലൂരിലെ പരിശീലന ക്യാംപില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്‌തത്. ഇതിന് ശേഷം വിരാട് കോലി മൂന്നാമതും ശ്രേയസ് അയ്യര്‍ നാലാമതും ഇറങ്ങി. ഇതേ ക്രമത്തില്‍ തന്നെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങാന്‍ സാധ്യത.
നേരിയ പരിക്കുള്ള കെ എല്‍ രാഹുല്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ അഞ്ചാമത് ആര് ബാറ്റിംഗിനെത്തും എന്ന് വ്യക്തമല്ല. സൂര്യകുമാര്‍ യാദവിനെ ശ്രേയസിനുള്ള ബാക്ക്‌അപ് മാത്രമായേ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ അദേഹം തന്നെയായിരിക്കും അഞ്ചാമത് ഇറങ്ങുക. രാഹുല്‍ കളിക്കാതെ വന്നാല്‍ ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കീപ്പര്‍. എന്നാല്‍ സ്പെഷ്യലിസ്റ്റ് ഓപ്പണറായ ഇഷാനെ എവിടെ കളിപ്പിക്കും എന്ന സംശയം തുടരുകയാണ്. ഇഷാനെ രോഹിത്തിനൊപ്പം ഓപ്പണിംഗിന് അയച്ചാല്‍ ഗില്ലും കോലിയും ശ്രേയസും ഓരോ സ്ഥാനം ബാറ്റിംഗില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. ഏഷ്യാ കപ്പിനായി ഓഗസ്റ്റ് മുപ്പതാം തിയതിയാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പറക്കുക.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ് ബൈ).