FoodNEWS

ആരോഗ്യപ്രദമാണ് പരിപ്പ് പായസം; ഉണ്ടാക്കുന്ന വിധം

ത്തംമുതൽ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തിൽ പ്രധാനികൾ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്.എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ശർക്കരകൊണ്ടാണ് ഉണ്ടാക്കുന്നതും എന്നതിനാൽ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയർ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയർ പരിപ്പാണ് കൂടുതൽ രുചികരം.

പത്തുപേർക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശർക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതൽമധുരം ആവശ്യമെങ്കിൽ 750ഗ്രാം വരെ ശർക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയിൽ ചെറുതായി ചൂടാക്കിയെടുക്കണം. ശർക്കര അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽവെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകൾ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പിൽവെച്ച് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോൾ രണ്ടാംപാലും അരിച്ച ശർക്കരപ്പാനിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. വെന്ത് പാകമാകുമ്പോൾ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർക്കാം.

അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് കോരിയത് ചേർത്തിളക്കി തിളച്ചുമറിയുംമുമ്പ് തീയണയ്ക്കാം.

Back to top button
error: