NEWSPravasi

അറിഞ്ഞോ? വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ കമ്പനികള്‍ 200 ശതമാനം വരെ നഷ്ടപരിഹാരം നൽകണം

റിയാദ്: വിമാന സർവീസ് ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് വിമാന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. ആറു മണിക്കൂറിലേറെ വിമാനം വൈകിയാൽ യാത്രക്കാർക്ക് 750 റിയാലാണ് നഷ്ടപരിഹാരം നൽകേണ്ടത്.

പുതിയ നിയമങ്ങൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകണമെന്ന് പഴയ നിയമാവലിയിൽ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Signature-ad

സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നത്. ഓവർബുക്കിങ് ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്താൻ ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയിൽ അനുശാസിക്കുന്നത്.

അതേസമയം പുതിയ നിയാമവലി പ്രകാരം 200 ശതമാനം നഷ്ടപരിഹാരമാണ് ഉറപ്പാക്കുന്നത്. ബുക്കിങ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതിയതായി ഉൾപ്പെടുത്തുന്ന ഓരോ സ്‌റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ തോതിൽ നഷ്ടപരിഹാരം ലഭിക്കും. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.

ബാഗേജ് നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും പുതിയ നിയമാവലിയിൽ 6,568 റിയാൽ നഷ്ടപരിഹാരം നൽകണം. ലഗേജ് ലഭിക്കാൻ കാലതാമസം ഉണ്ടായാൽ ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ പുതിയ നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാൽ യാത്ര റദ്ദാക്കാൻ യാത്രക്കാരന്‌ അനുമതിയുണ്ട്. സർവീസ് റദ്ദാക്കിയതായി കണക്കാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാരന് അർഹതയുണ്ട്.

Back to top button
error: