ബംഗ്ലൂരു: ചന്ദ്രയാൻ മൂന്നിൻറെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാൻഡിങ്ങിനിടെ ലാൻഡർ ക്യാമറകളിലൊന്നാണ് ദൃശ്യം പകർത്തിയത്. ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ ഉടൻ തന്നെ തുടങ്ങും.
അതേ സമയം, ചന്ദ്രയാൻ മൂന്നിൻറെ റോവർ ഉടൻ സഞ്ചാരം തുടങ്ങുമെന്ന് ഐഐഎസ്‍യു മേധാവി പത്മകുമാർ. ലാൻഡിങ്ങ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി. റോവർ ലാൻഡറിൻറെയും ലാൻഡർ റോവറിൻറെയും ചിത്രമെടുക്കുന്ന പ്രക്രിയ ഇന്ന് തന്നെ നടത്താനാണ് ശ്രമമെന്നും പത്മകുമാർ പറഞ്ഞു.
ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ഓഗസ്റ്റ് 23 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാന്റെ നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. ചന്ദ്രനിലിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പേടകത്തിൽ നിന്നും പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വർക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.