FeatureNEWS

കുമരകം കായലും പിന്നെ കരിമീനും കപ്പയും കള്ളും ! ഓണത്തിന് പോകാം കോട്ടയത്തേക്ക്

കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല.മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റെയും കുളിരും കുമരകത്തെ താമസവും ബോട്ട് യാത്രയും ഉൾപ്പടെയുള്ള  കോട്ടയത്തിന്റെ രുചികൾ നമ്മുടെയൊക്കെ ഭാവനകൾക്കും അപ്പുറത്താണ്..!
കോട്ടയത്തിന്റെ രുചികളിൽ  തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീൻ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാർക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.എന്നാൽ കോട്ടയംകാരുടെ മാസ്റ്റർപീസ് എന്നു പറയുന്നത് കള്ളും കപ്പയും കരിമീനുമാണ്.

തേങ്ങക്കൊത്തിട്ട് വരട്ടിയ ബീഫിന്റെ രുചിയും എരിവും കുറയുന്നതിന് മുന്നേ  കുമരകത്തേക്ക് വച്ചുപിടിക്കണം.കോട്ടയത്തിന്റെ സ്വന്തം കരിമീൻ രുചിയറിയാൻ വേറെ എവിടെ പോകാനാണ്. കരിമീൻ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റർപീസ്. വാട്ടിപൊതിഞ്ഞ വാഴയിലയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി കുമരകത്തിന്റെ പെരുമ കൂടിയാണ്. ഇതിനൊപ്പം പ്രസിദ്ധമാണ് മീൻമപ്പാസെന്ന ഫിഷ് മോളി.

 

Signature-ad

നല്ല കരിമീൻ പൊള്ളിച്ചത് കഴിക്കണമെങ്കിൽ കോട്ടയത്തെ തറവാടുകളിൽ പോകണം.ഇല്ലെങ്കിൽ ഷാപ്പിൽ. കോട്ടയംകാരുടെ സ്വന്തം തറവാട് തന്നെയാണ് കുമരകത്തെ ‘തറവാട് ഷാപ്പ് റസ്റ്റൊറന്റ്.’ കരിമീന് പിന്നാലെ കോമ്പിനേഷനായി കപ്പയും അൽപ്പം മധുരകള്ളും മോന്തണം. സമയമുണ്ടെങ്കിൽ കുമരകം കായലിലൂടെ ബോട്ട് യാത്രയും ആവാം.താറാവ് മപ്പാസാണ് ഇവിടുത്തെ മറ്റൊരു സ്പെഷ്യൽ.

 

താറാവ് മപ്പാസുപോലെ ക്രിസ്മസിനും വിശേഷദിവസങ്ങൾക്കും സ്പെഷ്യലായി കോട്ടയത്തെ ക്രിസ്തീയ ഭവനങ്ങളിൽ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും.ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാർത്ഥ രൂപത്തിൽ പാത്രത്തിൽ എത്തണമെങ്കിൽ.അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ ജീരകത്തിന്റെ സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും.
കിളിമീൻ വറുത്തതും ചൊകചൊകന്ന അഭിവാദ്യങ്ങളോടെ തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ ഇവിടെ കസ്റ്റമേഴ്സിനെ മാടി മാടി വിളിക്കുകയാണ്. ഈ വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ പിന്നെ ലൈഫിൽ എന്ത് ത്രില്ലാണ് ഉള്ളത്. മലയാളി എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടന്നാൽ പോര.വല്ലപ്പോഴുമൊക്കെ ഷാപ്പിൽ പോകണം, അത് കോട്ടയത്തെ ഷാപ്പിൽ തന്നെയാവുകയും വേണം.ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ രുചിയുടെ കാര്യത്തിൽ പിന്നെയും പിന്നെയും മലയാളി ആസക്തിയോടെ കോട്ടയം എന്ന പേര് ഉറക്കത്തിൽ പോലും ഉരുവിടും എന്ന കാര്യത്തിൽ സംശയം വേണ്ട.

*മദ്യപാനം ആരോഗ്യത്തിന് ഹാനികരം*

Back to top button
error: