KeralaNEWS

മുല്ലപ്പൂ കൈമുഴംകൊണ്ട് അളന്ന് വില്‍പന; കച്ചവടക്കാര്‍ക്കെതിരേ കേസ്, 2000 വീതം പിഴ

കൊച്ചി: ഓണക്കാലമായതോടെ പൂക്കള്‍ക്ക് ആവശ്യക്കാരേറെയാണ്. പൂക്കളമിടാനും ഓണാഘോഷങ്ങള്‍ക്കും മറ്റും തലയില്‍ ചൂടാനും പൂക്കള്‍ വാങ്ങുന്നവരേറെ. ഇത് മുതലെടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നവരുമുണ്ട്. മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

കൈനീളം ഓരോരുത്തര്‍ക്കും വ്യത്യാസമായതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന വിശദീകരണം. മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം. മുദ്രവെക്കാത്ത ത്രാസുപയോഗിച്ച് പൂ വിറ്റവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Signature-ad

പതിവായി മുഴം അളവിലാണ് മല്ലപ്പൂ വില്‍പന നടത്തുന്നതും ആവശ്യക്കാര്‍ വാങ്ങുന്നതും. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ഓണക്കാലത്ത് നിരത്തുകളിലെ പൂക്കച്ചവട കടകളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അപൂര്‍വമായേ പരിശോധന നടത്താറുള്ളൂ. ഇത് മുതലെടുത്ത് പല കച്ചവടക്കാരും അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, നേരത്തേ തൃശ്ശൂരിലും മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റതിന്റെ പേരില്‍ പൂക്കടയ്ക്ക് പിഴ ഈടാക്കിയ സംഭവം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായിരുന്നു. കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുല്ലപ്പൂമാല മുഴം കണക്കില്‍ വിറ്റതിന് 2,000 രൂപ പിഴയിട്ടത്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിക്കെതിരെ അന്ന് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന മുല്ലപ്പൂ കച്ചവടത്തില്‍ ആരാണ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടികള്‍ നേടുന്നത് എന്നാണ് പ്രധാന ചോദ്യം.

 

 

 

 

 

Back to top button
error: