തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. രാവിലെ ഏഴു മണിയോടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥര്‍, ഇപ്പോഴും പരിശോധന തുടരുകയാണ്. 12 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുന്‍ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം. രണ്ടിടത്തും പരിശോധന തുടരുകയാണ്.
നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു.
ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്. പൊറത്തിശ്ശേരി, മാപ്രാണം ലോക്കല്‍ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകള്‍ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.