SportsTRENDING

ഏകദിന ക്രിക്കറ്റ് ലോകകപ്പ്‍ മത്സരക്രമം വീണ്ടും മാറാന്‍ സാധ്യത

ഹൈദരാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ മത്സരക്രമം വീണ്ടും ത്രിശങ്കുവിൽ. അടുത്തടുത്ത ദിവസങ്ങളിൽ വരുന്ന മത്സരങ്ങൾക്ക് സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ അറിയിച്ചതോടെയാണിത്. ആദ്യം പ്രഖ്യാപിച്ച മത്സരക്രമത്തിൽ നിന്ന് ഒൻപത് കളികളുടെ തിയതി മാറ്റിയതിന് പിന്നാലെയാണ് ഷെഡ്യൂളിൽ അടുത്ത മാറ്റത്തിന് ബിസിസിഐക്ക് മുന്നിൽ അപേക്ഷയെത്തിയിരിക്കുന്നത്.

ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒക്ടോബർ 9, 10 തിയതികളിൽ തുടർച്ചയായി മത്സരം വരുന്നത് സുരക്ഷയൊരുക്കാൻ വെല്ലുവിളിയാണ് എന്നാണ് ബിസിസിഐയെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. തിയതി മാറ്റം പരിഗണിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി അസോസിയേഷൻ വൃത്തങ്ങൾ ക്രിക്‌ബസിനോട് പറഞ്ഞു. ഒക്ടോബർ 9ന് ന്യൂസിലൻഡും നെതർലൻഡ്‌സും തമ്മിലും തൊട്ടടുത്ത ദിവസം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുമാണ് ഹൈദരാബാദിലെ മത്സരങ്ങൾ. ഇരു കളികളും പകൽ- രാത്രി മത്സരങ്ങളാണ്. കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ഇരു കളികളും തമ്മിൽ വേണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻറെ ആവശ്യം.

Signature-ad

സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി പല അസോസിയേഷനുകളും സമീപിച്ചതോടെ 9 മത്സരങ്ങളുടെ തിയതി മാറ്റി പുതുക്കിയ മത്സരക്രമം നേരത്തെ ഐസിസിയും ബിസിസിഐയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഷെഡ്യൂൾ മാറ്റത്തിനുള്ള സാധ്യത വരുന്നത്. ലോകകപ്പിൻറെ ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ഒരേ സ്റ്റേഡിയത്തിൽ വച്ച് ലോകകപ്പ് മത്സരം നടക്കുന്ന പതിവ് സാധാരണയായി ഇല്ല. അതിനാൽ തന്നെ തിയതി മാറ്റം വേണമെന്ന ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻറെ അപേക്ഷ ഏറെ വൈകി എന്ന് വേണം അനുമാനിക്കാൻ. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻറെ അപേക്ഷയിൽ ബിസിസിഐ എന്ത് തീരുമാനമെടുക്കും എന്ന് വ്യക്തമല്ല.

Back to top button
error: