KeralaNEWS

ഗോവൻ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം

ഗോവയുടെ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം -ഫെനി (Feni) ഉത്പാദിപ്പിക്കാനുള്ള നടപടികൾക്ക് ഈ വർഷം തുടക്കമാകും. ഇതിനുള്ള കശുവണ്ടി വികസന കോർപറേഷന്റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിക്ക് ഉടൻതന്നെ സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
കോർപറേഷന്റെ വടകര ചോമ്പാലയിലെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി സ്ഥാപിക്കുക. കശുമാവ് കര്‍ഷകര്‍ ഏറെയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്. ഫാക്ടറി സ്ഥാപിക്കാൻ 3 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ 100 പേർക്ക് തൊഴിൽ നൽകാനുമാകും. സംസ്ഥാനത്താകെ ഒരു ലക്ഷം ഹെക്ടറിലാണ് കശുവണ്ടി കൃഷിയുള്ളത്. 82,000 ടൺ കശുമാങ്ങ ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. ഇതിൽ ഉപയോഗ യോഗ്യമായി 50,000 ടൺ കിട്ടും. ഇതിൽ നിന്നും 2750 ടൺ മദ്യം ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്.
കശുമാവിന്റെ കൃഷിക്ക് ചെലവുകുറവാണെന്നതാണ് പ്രത്യേകത. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. ഒരു കിലോ കശുവണ്ടിക്ക് 140 രൂപയോളം വില ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ കശുവണ്ടി കിട്ടും. 30-35 വര്‍ഷത്തോളം വിളവെടുക്കാം. കശുവണ്ടിപ്പരിപ്പിന് 900 മുതല്‍ 1100 രൂപാവരെ വിലകിട്ടുന്നുണ്ട്.അതേസമയം പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളില്‍ കിടന്ന് ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാല്‍ കശുമാങ്ങയ്ക്കും വില കിട്ടും. കശുമാവ് കൃഷിയും വർധിക്കും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പദ്ധതി വലിയ പ്രയോജനമാകുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.

Back to top button
error: