കുടിയൊഴുപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു
നെയ്യാറ്റിൻകര പോങ്ങയിൽ കുടിയൊഴുപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു.നട്ടതോട്ടം കോളനിക്ക് സമീപം 47 വയസ്സുള്ള രാജൻ ആണ് മരിച്ചത്. കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കാൻ എത്തിയവർക്ക് മുന്നിലാണ് ആത്മഹത്യാ ഭീഷണി മുഴക്കി കൊണ്ട് രാജൻ തീകൊളുത്തിയത്.ലൈറ്റർ പോലീസ് തട്ടി മാറ്റിയപ്പോഴാണ് തീ ആളിപ്പടർന്നത് എന്ന് രാജൻ ആരോപിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് രാജൻ മരിക്കുന്നത്. രാജന്റെ ഭാര്യ അമ്പിളി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയത്.
രാജന്റെ അയൽവാസി വസന്ത 3 സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് കേസ് നൽകുകയായിരുന്നു. വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയും ഉണ്ടായി. എന്നാൽ പുരയിടത്തിൽ രാജൻ വീണ്ടും നിർമാണപ്രവർത്തനം നടത്തിയതിനാൽ കോടതി കമ്മീഷനെ നിയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഈ നടപടി രാജന്റെ എതിർപ്പുകാരണം നടന്നിരുന്നില്ല.
ഇതിനെത്തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. രാജനെ രക്ഷിക്കാൻ ശ്രമിച്ച എഎസ്ഐ അനിൽകുമാറിനും പൊള്ളലേറ്റിരുന്നു.