സംസ്ഥാനത്ത് ബിജെപി ഭൂരിപക്ഷം നേടിയ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ ആർക്കൊക്കെ അധികാരം നൽകുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവരുടെ ഔദ്യോഗികമായ വിവരങ്ങളും വ്യക്തി വിവരങ്ങളും നൽകണം. സംസ്ഥാനത്തെ വിഭാഗീയ പ്രശ്നങ്ങളിൽ നേരിട്ടുള്ള ഇടപെടലാണ് ദേശീയ നേതൃത്വം ഇപ്പോൾ നടത്തുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും സഹായിക്കേണ്ട എന്നതാണ് സംഘടനാ തീരുമാനം. എന്നാൽ ബിജെപിക്ക് പ്രധാന സ്ഥാനങ്ങൾ ലഭിക്കുന്ന പക്ഷം ഇതിൽ വിട്ടുവീഴ്ച ആകാമെന്നാണ് നിർദ്ദേശം. 30 തദ്ദേശസ്ഥാപനങ്ങളിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടി. ഇതിൽ പാലക്കാട്,പന്തളം നഗരസഭകൾ ഉൾപ്പെടുന്നു.
കേരളത്തിൽ പാർട്ടി മുന്നേറ്റം നടത്തി എന്ന് തന്നെയാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ദേശീയ അധ്യക്ഷനും മറ്റ് നേതാക്കളും ഇതുസംബന്ധിച്ചു ട്വീറ്റ് ചെയ്തിരുന്നു.
ദേശീയ നേതൃത്വത്തിന്റെ ഈ നീക്കം സംസ്ഥാന നേതൃത്വത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ദേശീയ നേതൃത്വം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അധ്യക്ഷ,ഉപാധ്യക്ഷ പദവിയിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നത്.
വിദ്യാഭ്യാസം,പ്രായം,സാമുദായിക സന്തുലനം ഇവ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ സംസ്ഥാന നേതൃത്വം നൽകണം. ഭരിക്കുന്നവരെ അണികളെ കൂടി ബോധ്യപ്പെടുത്തണം എന്ന പ്രത്യേക നിർദ്ദേശം കൂടി ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസിന് കൂടി നിർണായകപങ്ക് ഉണ്ടാകണം. ആർഎസ്എസ് നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും നഗരസഭകളുടെ അധ്യക്ഷ പദവികൾ അലങ്കരിക്കുന്നവരുടെ പേരുകൾ പുറത്തുവിടുക.