തൃശ്ശൂർ : മാളയിലെ സർക്കാർ ഐ.ടി.ഐ.യിൽനിന്ന് 2020-22 വർഷത്തിൽ ആർക്കിടെക്ട് ഡ്രാഫ്റ്റ്സ്‌മാൻ കോഴ്സ് മൂന്നാംറാങ്കോടെയാണ് ആതിര പാസായത്. ഈ വിദ്യാർഥിനിയും അമ്മയും അടച്ചുറപ്പില്ലാത്ത, ഇടിഞ്ഞുവീഴാറായ വീട്ടിലാണ് താമസമെന്നറിഞ്ഞതോടെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സി.പി.എം. ലോക്കൽ കമ്മിറ്റി ഇടപെട്ടു.
ഇരിങ്ങാലക്കുട മാടായിക്കോണത്തെ വീട്ടിൽനിന്ന് ആതിരയെയും അമ്മ രമയെയും പാർട്ടിക്കാർ സുരക്ഷിതമായ വാടകവീട്ടിലേക്ക് മാറ്റി. പൊളിഞ്ഞുവീഴാറായ വീടിനുപകരം നല്ല വീട് വയ്ക്കുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചർച്ച. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യമായ സ്ഥലത്തായിരുന്നില്ല വീട്. അതിനാൽ ഇടുങ്ങിയ സ്ഥലത്ത് ഉൾക്കൊള്ളുന്ന ചെറിയൊരു വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു.
ആതിരയ്ക്കൊരു സ്നേഹവീട് എന്നു പേരിട്ട് ചലഞ്ചുകൾ നടത്തി. ആക്രി ചലഞ്ചിലൂടെ 3.75 ലക്ഷവും പായസം ചലഞ്ചിലൂടെ 2.10 ലക്ഷവും കിട്ടി. പൊറത്തിശ്ശേരി സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നല്ല തീരുമാനമറിഞ്ഞതോടെ എല്ലാവരും സഹായിച്ചു.നിർമാണസാമഗ്രികളേറെയും സൗജന്യമായി കിട്ടി. കൂലി വാങ്ങാതെ പലരും ജോലി ചെയ്തു. പരിമിതമായ ഇടത്തിൽ 13.28 ലക്ഷം ചെലവിട്ട് 845 ചതുരശ്ര അടിയിൽ ഇരുനിലവീടിന്റെ എല്ലാ പണികളും ഇതിനകം പൂർത്തിയാക്കി.
അപ്പോഴേക്കും ലോക്കൽ കമ്മിറ്റിക്ക് ബാധ്യത 2.01 ലക്ഷത്തിന്റേതായി. അതിനൊരു ബിരിയാണി ചലഞ്ച് കൂടി നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാലും പ്രവർത്തകരും..