എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂര് വടക്കേക്കര പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവന്തുരുത്ത് 11-ാം വാര്‍ഡില്‍നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജേര്‍ണലിസം ബിരുദധാരിയായ നിഖിത വിജയിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന പിതാവ് ജോബി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
”മേയ് അഞ്ചിനാണ് അച്ഛന് മരിച്ചത്. തുടര്‍ന്നാണ് പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വീട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും നിര്‍ബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന വാര്‍ഡ് അച്ഛനിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പാര്‍ട്ടിയും അച്ഛനും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അച്ഛനേക്കാള്‍ ഭൂരിപക്ഷവും നേടാനായത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാല്‍ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛന് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവര്‍ത്തനമാണ് ഇഷ്ടം. രണ്ടര വര്‍ഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” -നിഖിത ജോബി പറഞ്ഞു.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ വാര്‍ഡ് തിരിച്ചുപിടിച്ചത് കോണ്‍ഗ്രസ് നേതാവായ ജോബിയിലൂടെയായിരുന്നു. പിതാവായ ജോബിക്ക് 157 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കില്‍ മകള്‍ക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി.