IndiaNEWS

വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഫാനില്‍ സ്പ്രിങ്; വിവാദമായി കോട്ട കളക്ടറുടെ ഉത്തരവ്

ജയ്പുര്‍: ഇന്ത്യയുടെ ‘കോച്ചിങ് സിറ്റി’യായ രാജസ്ഥാനിലെ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിനു പരിഹാരവുമായി അധികൃതര്‍. സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിച്ച് ആത്മഹത്യകള്‍ ചെറുക്കാനാണു നീക്കം. ഉന്നതവിജയം നേടാന്‍ കോട്ടയിലെ എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങള്‍ നല്‍കുന്ന സമ്മര്‍ദവും വര്‍ധിച്ചുവരുന്ന ആത്മഹത്യാക്കണക്കും ആശങ്കയേറ്റുന്നതാണ്. ചൊവ്വാഴ്ച രാത്രി ഐഐടി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ബിഹാര്‍ ഗയയില്‍ നിന്നുള്ള വാല്‍മീകി ജംഗിദ് എന്ന വിദ്യാര്‍ഥിയുടെ മരണത്തോടെ 2023-ല്‍ മാത്രം കോട്ടയില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 22 ആയി. ജെഇഇക്ക് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോട്ടയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയാണ് വാല്‍മീകി.

വര്‍ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പരിഹാരം കാണുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് വിവാദത്തിലായിരിക്കുകയാണ് കോട്ട ജില്ലാഭരണകൂടം. വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യാതിരിക്കാനായി കോട്ടയിലെ ഫാനില്‍ സ്പ്രിങ് ഘടിപ്പിക്കാന്‍ ഹോസ്റ്റലുകളോടും പിജികളോടും ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടര്‍ ഓം പ്രകാശ് ബങ്കര്‍. ഭാരം വന്നാല്‍ ഫാന്‍ താഴേക്ക് വലിയത്തക്കവിധമാണ് ക്രമീകരണം. ഇത് കഴുത്തില്‍ കുരുക്ക് മുറുകാതിരിക്കാന്‍ സഹായിക്കും. ആത്മഹത്യാശ്രമം ഉണ്ടായാല്‍ അലാറം മുഴക്കുന്ന സെന്‍സറുകള്‍ ഫാനില്‍ ഘടിപ്പിക്കാനും കുട്ടികള്‍ക്ക് മാനസികപിന്തുണ നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.

Signature-ad

എന്നാല്‍, സിപ്രിങ് ഘടിപ്പിക്കല്‍ ഉത്തരവിനെതിരെ വ്യാപകവിമര്‍ശനങ്ങളാണുയരുന്നത്. കോട്ടയില്‍ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂക്ഷമായ മാനസികാരോഗ്യ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. വിഷാദത്തിനും അതിസമ്മര്‍ദത്തിനും അടിപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിഹാര നടപടി എടുക്കുന്നതിന് പകരം ഫാനില്‍ സ്പ്രിങ് ഘടിപ്പിക്കുകയാണോ വേണ്ടതെന്നാണ് വിമര്‍ശനം.

 

 

 

 

 

Back to top button
error: