KeralaNEWS

പുതുപ്പള്ളിയിൽ ചിത്രം തെളി‍ഞ്ഞു; സൂക്ഷ്മമായി നോക്കി, മൂന്നെണ്ണം തള്ളി; മത്സരരംഗത്ത് 7 പേർ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി.

Back to top button
error: