വിക്ടോറിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ ശിക്ഷ വീണ്ടും കൂട്ടി. നേരത്തെ വിവിധ പീഡന കേസുകളിലായി 39 വർഷം ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികനാണ് 72ാമത്തെ പീഡനക്കേസിലെ വിധിയിൽ 12 മാസം ശിക്ഷ കൂടി വിധിച്ചിരിക്കുന്നത്. ജെറാൾഡ് റിഡ്സ്ഡേൽ എന്ന 89കാരനായ റോമൻ കത്തോലിക്കാ വൈദികൻ 1994 മുതൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. വിവിധ പീഡന കേസുകളിലായി 39 വർഷമാണ് വൈദികന് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
1961 മുതൽ 1988 വരെയുള്ള കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി ഉയർന്നത്. വിക്ടോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികൻറെ ക്രൂരത. ജൂൺ മാസത്തിൽ 1987ൽ 13കാരനെ പീഡിപ്പിച്ചത് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ബല്ലറാറ്റ് മജിസ്ട്രേറ്റ് കോടതി വൈദികന് ഒരു വർഷം കൂടി അധിക ശിക്ഷ വിധിച്ചിരുന്നു. വൈദികനെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന 193ാമത്തെ കേസ് ആയിരുന്നു ഇത്. ശിക്ഷ വിധിച്ച കേസുകളിലായി 33 വർഷവും ആറ് മാസവും ശിക്ഷ അനുഭവിച്ചാൽ മാത്രമാണ് പരോൾ ലഭിക്കാനുള്ള അർഹത വൈദികന് ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ 2028 ഏപ്രിലിലാണ് വൈദികന് പരോൾ ലഭിക്കാനുള്ള ആദ്യ അവസരം ഉണ്ടാവുക.
എന്നാൽ നിലവിൽ 89കാരനായ വൈദികൻ ജയിലിൽ തന്നെ മരിക്കുമെന്ന തോന്നലാണ് ഉള്ളതെന്നാണ് മജിസ്ട്രേറ്റ് ഹൂജ് റാഡ്ഫോർഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കുറ്റവാളിയെന്ന് കണ്ടെത്തിയ വിവിധ കേസുകളിലായി എട്ട് തവണയാണ് നിലവിൽ വൈദികൻറെ ശിക്ഷാ കാലയളവ് നീട്ടിയത്. 2022ഓടെ പ്രായാധിക്യം നിമിത്തം നടക്കാൻ കഴിയാത്ത വൈദികൻ 72ാമത്തെ കേസിലെ വിധി ഓൺലൈൻ ആയാണ് കേട്ടത്. 29 വർഷം നീണ്ട വൈദിക ജീവിതത്തിന് ഇടയിൽ 16 പള്ളികളിലാണ് ജെറാൾഡ് ജോലി ചെയ്തത്.
2017ൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ ബാലപീഡനം ഈ സ്ഥലങ്ങളിൽ പതിവായിരുന്നതായും പള്ളി കുറ്റകൃത്യങ്ങൾ മറച്ച് വയ്ക്കാൻ ശ്രമിച്ചതിൻറെയും തെളിവുകൾ പുറത്ത് വന്നിരുന്നു. ഓസ്ട്രേലിയൻ സർക്കാരിൻറെ അന്വേഷണത്തിൽ ഓസ്ട്രേലിയയിലെ കർദിനാളായ ജോർജ് പെല്ലിന് വൈദികൻറെ വഴിവിട്ട നടപടികളേക്കുറിച്ച് വൈദികനെ അറസ്റ്റ് ചെയ്യുന്നതിന് വർഷങ്ങൾക്ക് മുൻപ് അറിയാമെന്നും തെളിഞ്ഞിരുന്നു. ബാല പീഡനത്തിന് പിടിയിലായ ഈ കർദിനാൾ 13 മാസമാണ് ജയിലിൽ കഴിഞ്ഞത്. ജനുവരിയിലാണ് കർദിനാൾ ജോർജ് പെൽ മരിച്ചത്.