പാലക്കാട്:അട്ടപ്പാടി ഗവ. കോളേജ് ഹോസ്റ്റലില്‍ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസിന്റെ കസേരയ്ക്ക് പിന്നിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴവച്ചത്.
‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവുമായി പ്രിൻസിപ്പല്‍ എന്ന ബോര്‍ഡ് സഹിതമാണ് വാഴ വച്ചത്. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസ്.
വേതനം ലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാര്‍ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാര്‍ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഭക്ഷണം മുടങ്ങിയതോടെ, ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജീവനക്കാരുടെ പണിമുടക്ക് സമരത്തിന് പിന്തുണയുമായി പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐയുടെ വാഴ സമരം നടന്നത്.