ജയ്പൂർ: നിയമനങ്ങൾക്കുള്ള ശാരീരിക പരിശോധനകളുടെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്നത് അന്യായമാണെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ നിരീക്ഷണം. ഏത് തസ്തികയിലേക്കുള്ള നിയമനം ആണെങ്കിലും ഉദ്യോഗാർത്ഥിയുടെ ശ്വാസകോശ ശേഷി പരിശോധിക്കാൻ നെഞ്ചിന്റെ അളവെടുക്കുന്നത് അന്യായവും തെറ്റായ രീതിയുമാണെന്നും അത് സ്ത്രീകളുടെ അന്തസിന് ഭംഗമേൽപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമായ ശാസകോശ ശേഷി ഉണ്ടോ എന്ന് ശാരീരിക പരിശോധനകളിൽ കണ്ടെത്താൻ പകരം മാർഗങ്ങൾ സ്വീകരിക്കണം. സ്ത്രീകൾക്ക് അനാവശ്യമായി ഉണ്ടാക്കുന്ന മാനഹാനി അവസാനിപ്പിൻ മറ്റ് സാധ്യതകൾ പരിശോധിക്കണമെന്നും അധികൃതർക്ക് കോടതി നിർദേശം നൽകി.
മൂന്ന് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദിനേഷ് മേത്തയുടെ നിരീക്ഷണം. ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്കുള്ള നിയമനത്തിൽ ശാരീരിക ക്ഷമതാ പരിശോധനയിൽ വിജയിച്ച ശേഷവും നെഞ്ചളവ് പരിശോധനയിൽ പരാജയപ്പെട്ടത് കാരണം ഒഴിവാക്കപ്പെട്ട മൂന്ന് ഉദ്യോഗാർത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനോടകം നടന്നുകഴിഞ്ഞ നിയമന പ്രക്രിയയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫോറസ്റ്റ് ഗാർഡ് അടക്കമുള്ള ഏത് തസ്തികയിലേക്ക് ആണെങ്കിലും സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്ന രീതിക്ക് മാറ്റം വരണമെന്ന് അഭിപ്രായപ്പെട്ടു.
വനിതാ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നെഞ്ചിന്റെ അളവും നെഞ്ച് വികസിപ്പിച്ച അളവും പരിശോധിക്കുന്നത് അവരുടെ ശാരീരിക ക്ഷമതയുടെയോ അല്ലെങ്കിൽ ശ്വാസകോശ ശേഷിയുടെയും ശരിയായ പരിശോധന ആയിരിക്കില്ലെന്ന് കോടതി പറഞ്ഞു. അങ്ങനെ ആണെങ്കിൽ തന്നെ, അത് അവരുടെ സ്വകാര്യത ഹനിക്കുന്ന നടപടിയാണ്. സ്ത്രീകളുടെ അന്തസിനെതിരായ ഇത്തരം പരിശോധനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും വിധിയിൽ കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയും 14-ാം അനുച്ഛേദവും 21-ാം അനുച്ഛേദവും ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങൾ പ്രകാരം ആവശ്യമായ നെഞ്ചളവ് തങ്ങൾക്കുണ്ടെന്ന് ഹർജിക്കാർ വാദിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ കോടതി എയിംസിലെ വിദഗ്ധരെ നിയോഗിച്ചു. എന്നാൽ രണ്ട് പേരുടെ നെഞ്ചളവും ആവശ്യമായതിൽ കുറവാണെന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ അയോഗ്യരാക്കിയ റിക്രൂട്ട്മെന്റ് ഏജൻസിയുടെ തീരുമാനം കോടതി ശരിവെച്ചു. ഇതേടൊപ്പം തന്നെ നിയമനങ്ങൾക്ക് നെഞ്ചളവ് മാനദണ്ഡമാക്കുന്നതിനെതിരായ നിരീക്ഷണങ്ങൾ കൂടി നടത്തുകയായിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ഉത്തരവിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും, വനം വകുപ്പ് സെക്രട്ടറിക്കും, പേഴ്സണൽ വകുപ്പ് സെക്രട്ടറിക്കും നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.