CrimeNEWS

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയിൽ

സുൽത്താൻബത്തേരി: കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടിൽ വിൽപ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരൻ പിടിയിലായി. അരക്കിലോ കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. കൽപ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ എം. അഭിലാഷ് ആണ് കർണാടക അതിർത്തിയായ പുൽപ്പള്ളി പെരിക്കല്ലൂർക്കടവ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ എക്സൈസ് നടത്തിയ പരിശോധനക്കിടെ പിടിയിലായത്.

കബനി പുഴ കടന്ന് കർണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും വിൽപ്പന നടത്തുന്നയാളാണ് അഭിലാഷ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയേയും തൊണ്ടിമുതലും ബത്തേരി റെയിഞ്ചിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.

Signature-ad

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർക്കടവ്, മരക്കടവ് അതിർത്തി പ്രദേശങ്ങളിൽ എക്സൈസിന്റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്. പെരിക്കല്ലൂരിൽ കേരള എക്സൈസ് മൊബെൽ ഇന്റർ വെൻഷൻ യൂണിറ്റ് ഉദ്യോഗസ്ഥരും ബത്തേരി റെയിഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിവരുന്നത്.

Back to top button
error: